വിജയിയുടെ ഒരൊറ്റ സെല്‍ഫിയില്‍ ബിജെപി തകര്‍ന്നു; വിരട്ടലുകള്‍ വേണ്ടെന്ന് ദളപതിയുടെ മുന്നറിയിപ്പ്

കൃത്യമായ നിലപാടുകളുള്ളവര്‍ക്ക് അതായത് നട്ടെല്ല് നിവര്‍ത്തി നിന്ന് തന്റെ നിലപാട് വ്യക്തമാക്കുന്നവര്‍ക്കു നേരെ ശത്രുക്കളുടെ നിര നീളും. എങ്ങനെയും അവരെ അടിച്ചമര്‍ത്താനേ ഭരണകൂടമടക്കം ശ്രമിക്കുകയുള്ളൂ. അത് ഭരണകൂടത്തിന്റെ നെറികേടുകളെ ചോദ്യം ചെയ്യുന്നവരാണെങ്കില്‍ പിന്നെ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ. സൂപ്പര്‍താരം വിജയുടെ കാര്യത്തില്‍ ആദായനികുതി വകുപ്പ് ചെയ്യുന്നത് ഇതു തന്നെയാണ്. എങ്ങനെയും വിജയ്‌ക്കെതിരേ കുറച്ചാരോപണങ്ങള്‍ കെട്ടിവച്ച് വിജയ് വെട്ടിപ്പ് നടത്തി എന്നു വരുത്തി തീര്‍ക്കണമെന്നത് ഭരണകൂടത്തിന്റെ തന്നെ ആവശ്യമായി തീര്‍ന്നിരിക്കുകയാണിപ്പോള്‍. അതാണ് അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഈ വിരട്ടലുകളൊന്നും തന്റെ മുന്നില്‍ ഒന്നുമല്ലെന്ന് കൃത്യമായ മറുപടിയാണിപ്പോള്‍ വിജയ് നല്‍കികൊണ്ടിരിക്കുന്നത്. ഒരൊറ്റ സെല്‍ഫിയില്‍ തന്നെ തെളിയുന്നത് അതാണ്. പതിവിനു വിപരീതമായി ചിത്രീകരണത്തിനിടെ ആരാധകരെ കാണാന്‍ വിജയ് എത്തി എന്നതു തന്നെ, കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെ തച്ചുടയ്ക്കാന്‍ ഈ പിന്തുണ മാത്രം മതിയായിരുന്നു എന്നതിന് തെളിവാണ്. മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റിലാണ് വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തത്.

നിമിഷങ്ങള്‍ക്കകം ഈ സെല്‍ഫി സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. വിജയ് എന്ന നായകന്‍ ഒരു നേതാവിന്റെ പരിവേഷത്തിലേക്ക് മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ആദാനികുതി വകുപ്പ് ഒന്ന് നോക്കി പേടിപ്പിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ കണ്‍കണ്ട ദൈവമാണെന്ന് വിളിച്ചു പറഞ്ഞ സൂപ്പര്‍ സ്റ്റാര്‍ നോക്കി നില്‍ക്കെ ദളപതിയായി വിജയ് പരിണമിക്കുന്നത് ആരാധകര്‍ അത്രത്തോളം ആവേശത്തോടെയാണ് നോക്കി കാണുന്നത്.
അതേസമയം ‘ബിഗില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ തുടര്‍ ചോദ്യം ചെയ്യലിനു മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ടു നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു.

എന്നാല്‍, പുതിയ സിനിമയായ ‘മാസ്റ്ററി’ന്റെ ചിത്രീകരണം നടക്കുന്നതിനാല്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടു വിജയ് കത്തു നല്‍കിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ഹാജരാകാമെന്നു കാണിച്ച് വിജയുടെ അഭിഭാഷകന്‍ കത്ത് നല്‍കി കഴിഞ്ഞിരിക്കുകയാണ്. ആദായ നികുതി വകുപ്പിന്റെ നടപടികളൊന്നും ബാധിക്കാതെ സിനിമയുടെ തിരക്കിലാണ് വിജയ് ഇപ്പോള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ സിനിമയുടെ നെയ്്വേലി ലിഗ്്‌നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്തെ സൈറ്റിലാണ് താരമുള്ളത്. നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം നടക്കുന്ന ചിത്രീകരണം മുടങ്ങുന്നത് നിര്‍മാതാവിന് കോടികളുടെ നഷ്ടമുണ്ടാക്കും. ആയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ ഹാജരാകന്‍ കൂടുതല്‍ സമയം വേണമെന്നാണ് താരമിപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ മൂന്നു ദിവസത്തിനകം ചെന്നൈയിലെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. ബിഗില്‍ സിനിമയില്‍ അഭിനയിച്ചതിന് താരത്തിനു മുപ്പത് കോടി രൂപ നല്‍കിയെന്നാണ് നിര്‍മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെയും പണമിടപാടുകാരനായ അന്‍പുചെഴിയന്റെയും മൊഴി. പ്രതിഫലത്തില്‍ ഏറിയ പങ്കും ഭൂമിയും കെട്ടിടങ്ങളുമായാണ് താരം കൈപ്പറ്റിയതെന്നും ഇരുവരുടെയും മൊഴിയിലുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച വിജയുടെ ചെന്നൈ പനയൂരിലെ വീട്ടില്‍ നിന്ന് ആധാരങ്ങളും നിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തത്. പിടിച്ചെടുത്ത രേഖകളിലെ ആസ്തികള്‍ക്ക് നിലവിലെ വിപണി മൂല്യം കണക്കാക്കി നികുതി അടച്ചിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ വിജയുടെ ഭാഗത്ത് നിന്ന് യാതൊരു നികുതി തട്ടിപ്പു ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ വീണ്ടും തനിക്കെതിരേ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്ന അധികൃതര്‍ക്ക് ശരിയായ മറുപടി തന്നെയാണിപ്പോള്‍ വിജയ് നല്‍കിയിരിക്കുന്നത്.

ഇതിനിടെയാണ് മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന നെയ്വേലിയിലെ ലിഗ്നൈറ്റ് കോര്‍പറേഷനു മുന്നില്‍ ഐക്യദാര്‍ഢ്യവുമായെത്തിയ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു വിജയ് തന്നെ എത്തിയത്. എന്‍എല്‍സി ഷൂട്ടിങ്ങിനു വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിജയ് ആരാധകര്‍ തടിച്ചു കൂടിയതോടെയാണു പിരിഞ്ഞുപോകേണ്ടി വന്നു. ആരാധക പിന്തുണയും ആരോപണങ്ങള്‍ തെളിയിക്കപ്പെടാത്തതും വിജയ് എന്ന താരത്തെ നട്ടെല്ലുള്ള നേതാവ് എന്നു തന്നെ വിശേഷിപ്പിക്കാന്‍ കാരണമായി മാറിക്കഴിഞ്ഞിരിക്കുകയാണിപ്പോള്‍..

Vinkmag ad

Read Previous

വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ മുന്‍ ഡിജിപി സെന്‍കുമാറിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്; ”ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ വിളക്കെണ്ണയില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കുന്നു”

Read Next

ബാബരി മസ്ജിദ് തകര്‍ത്ത പ്രതികള്‍ രാമക്ഷേത്ര ട്രസ്റ്റിന്റെ മുഖ്യഭാരവാഹികള്‍; അയോധ്യയില്‍ സംഘപരിവാര അജണ്ട പൂര്‍ത്തിയാകുന്നു

Leave a Reply

Most Popular