സംസ്ഥാനത്ത് ഇന്നുമുതല്‍ വാഹന പരിശോധന കര്‍ശനമാക്കി. ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണ്ണമായും തടയും. സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പല ജില്ലാ പൊലീസ് മേധാവിമാരും ഇന്നലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ട്രഷറികളിലും ബാങ്കുകളിലും സാമൂഹ്യ അകലം പാലിച്ച് വരി നിൽക്കാൻ അനുവദിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ കാസർകോട് ഉൾപ്പെടെ ഇന്നലെ വലിയ ജന തിരക്കായിരുന്നു. നിയന്ത്രണ മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചത്. കടകളുടെ മുന്നിൽ ഒരു മീറ്റർ അകലം പാലിച്ചു സാധനങ്ങൾ വാങ്ങാൻ വരുന്നവർ നിൽക്കണമെന്ന് നിർദേശിച്ചെങ്കിലും ആരും പാലിച്ചില്ല.
കടയുടമകളും ഇതുസംബന്ധിച്ച് നിബന്ധനകളിൽ വെള്ളം ചേർത്തു. പൊലീസ് അല്പം അയവു കാണിച്ചപ്പോൾ നഗരങ്ങളിൽ വലിയ ജനക്കൂട്ടവും വാഹനങ്ങളുടെ പെരുപ്പവും ഉണ്ടായി. ചെറുവത്തൂർ ടൗണിൽ മുമ്പ് സാധാരണ ദിവസങ്ങളിൽ ഉണ്ടാവുന്ന തിരക്കും വാഹനങ്ങളും ആണ് ഇന്നലെ ഉണ്ടായത്. ദേശീയപാതയ്ക്ക് സമീപം പോലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ടായിരുന്നില്ല.
ബൈക്കുകളും കാറുകളും മറ്റു വാഹനങ്ങളും പരിധിയില്ലാതെ റോഡിൽ ഇറങ്ങിയതോടെ ദേശീയപാത ജംഗ്ഷനിൽ റോഡ് തടസ്സം വരെയുണ്ടായി. നട്ടുച്ചക്കും പൊലീസ് കഠിനാധ്വാനം ചെയ്താണ് ജനക്കൂട്ടത്തെയും വാഹനങ്ങളെയും നിയന്ത്രിച്ചത്. ഞായറാഴ്ച ദിവസം വ്യാപാരസ്ഥാപനങ്ങൾ എല്ലാം അവധി ആയതിനാൽ തിങ്കളാഴ്ച ഉണ്ടായത് സ്വാഭാവിക തിരക്കാണ് എന്നാണ് പൊലീസ് അഭിപ്രായപ്പെട്ടത്.
