ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോര് തുടരുന്നു. കലാപത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. അമിത് ഷായെ മന്ത്രിസ്ഥാനത്തുനിന്നും നീക്കി ജനങ്ങളെ രക്ഷിക്കണമെന്ന് രാഷ്ട്രപതിക്ക് നൽകിയ നിവേദത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസിൻ്റെ ആരോപണത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അടക്കമുള്ളവർ രംഗത്തെത്തിയതോടെ ഇരുകക്ഷികളും തമ്മിലുള്ള പോര് മുറുകി. കോൺഗ്രസിൽനിന്ന് തങ്ങൾക്ക് രാജധർമം പഠിക്കേണ്ടതില്ല. രാജധർമത്തെ കുറിച്ച് സോണിയ ഗാന്ധി സദാചാര പ്രസംഗം നടത്തരുത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് കോൺഗ്രസുകാരെന്നുമാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്.
ഇപ്പോഴിതാ ബി.ജെ.പിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ. 2002ൽ ഗുജറാത്ത് കലാപമുണ്ടായ സമയത്ത് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോട് ‘രാജധർമം’ പിന്തുടരണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ഒർമ്മിപ്പിച്ചാണ് കപിൽ സിബലിന്റെ ഇപ്പോഴത്തെ വിമർശനം.
‘അന്ന് ഗുജറാത്തിൽ വാജ്പേയിയെ കേൾക്കാത്ത നിങ്ങൾ എങ്ങനെ കോൺഗ്രസ് പറയുന്നത് കേൾക്കുകയെന്ന് കപിൽ സിബൽ ചോദിക്കുന്നു. രാജധർമ്മത്തെ കേൾക്കാനും പഠിക്കാനും അനുസരിക്കാനും നിങ്ങളുടെ സർക്കാരിനെ കൊണ്ട് കഴിയില്ലെന്നും’ കപിൽ സിബർ ട്വിറ്ററിൽ കുറിച്ചു.
