രാജ്യം കോവിഡ് മഹാമാരിയിൽ ഉഴലുകയാണ്. വൈറസ് വ്യാപനം തടയുന്നതിനോ പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിനോ കൃത്യമായ തന്ത്രം കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ചിട്ടില്ല. ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
രാജ്യത്ത് 33 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും കേന്ദ്രം ഇതുവരെ വാക്‌സിന്‍ ലഭ്യമാക്കുന്നതിനെ കുറിച്ച് സമഗ്രമായ തന്ത്രം തയ്യാറാക്കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ തയ്യാറെടുപ്പില്ലായ്മ അപകടകരമാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.
കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാവും ഇന്ത്യ. വാക്‌സിന്റെ ലഭ്യതയും വിതരണവും ഉറപ്പുവരുത്താന്‍ വ്യക്തവും കൃത്യതയുമുള്ള ആസൂത്രണം ആവശ്യമുണ്ട്. എന്നാല്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടില്ല. ഈ മുന്നൊരുക്കമില്ലായ്മ അപകടകരമാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.
നേരത്തേയും കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. അതേസമയം കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാഹുലിന് ധാരണ ഇല്ലാത്തതിനാലാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
