ലോക്ക്ഡൗൺ കാരണം രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ‘ശ്രമിക്’ ട്രെയിൽ സർവ്വീസുകൾ തൊഴിലാളികളെ കൂടുതൽ കഷ്ടത്തിലാക്കുന്നെന്ന് വമർശനം ഉയരുന്നു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട ട്രെയിൻ ഒഡീഷയിൽ എത്തിച്ചേർന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ ട്രാഫിക് പ്രശ്നം കാരണം തിരക്ക് ഒഴിവാക്കാനായി വഴിതിരിച്ച് വിട്ടതാണെന്നായിരുന്നു റയിൽവേയുടെ വിശദീകരണം. പിന്നാലെ ബിഹാറിലേക്ക് പുറപ്പെട്ട ട്രെയിൻ കർണാടകയിലും എത്തിയിരുന്നു.
ആകെ 40ഓളം ട്രെയിനുകൾ ഇത്തരത്തിൽ വഴിതെറ്റിയെന്നാണ് വമർശനം ഉയരുന്നത്. ദിവസവും ഇരുപതിനായിരത്തിന് മുകളിൽ പാസഞ്ചർ ട്രെയിനുകൾ ഓടിച്ചിരുന്ന ഇന്ത്യൻ റയിൽവേയ്ക്ക് ഇപ്പോൾ പറ്റുന്ന പാളിച്ചകൾ ചെറുതായി കാണാൻ കഴിയില്ലെന്നാണ് വിമർശകർ പറയുന്നത്.
ലോക്ക്ഡൗണിൽ ഭക്ഷണവും വെള്ളവും പോലും കിട്ടാതെ പോക്കറ്റ് കാലിയായിവരുന്ന കുടിയേറ്റ തൊഴിലാളികളെ ആയിരക്കണക്കിന് കിലോമീറ്ററുകൾ മാറിയുള്ള സ്ഥലങ്ങളിലെത്തിക്കുന്നത് ക്രൂരതയാണ്. കേന്ദ്രം എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിൽ ഇടപെടണമെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയരുന്ന ആവശ്യം.
