കൊല്ലം- കടവൂര്‍ ജയന്‍വധക്കേസില്‍ ആര്‍എസ്എസുകാരായ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷയും ഓരോ ലക്ഷംരൂപാ വീതം പിഴയും ശിക്ഷ വിധിച്ചു. കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികള്‍ ഹാജരായ സാഹചര്യത്തിലാണ് കോടതി വിധി പറഞ്ഞത്. നേരത്തെ ശിക്ഷ പ്രഖ്യാപിക്കാനായി കോടതി തീരുമാനിച്ചിരുന്നുവെങ്കിലും പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ആര്‍എസ്എസിന്റെ കൊല്ലം ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു കൊല്ലപ്പെട്ട കടവൂര്‍ ജയന്‍. ജയന്‍തന്നെയാണ് ഒന്നാംപ്രതി വിനോദിനെ നേതൃത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതും. തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റു കൂടിയായിരുന്ന ജയന്‍ പിന്നീട് ക്ഷേത്ര കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിനോദുമായി തെറ്റിപ്പിരിഞ്ഞു.
അവസാന കാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്ന ജയനും വിനോദിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മില്‍ പലതവണ വിവിധ സ്ഥലങ്ങളില്‍വച്ച് ഏറ്റുമുട്ടിയിരുന്നു. അഞ്ചാലുംമൂട്ടിലുണ്ടായ ആക്രമണത്തില്‍ ജയന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ശത്രുത ഇരുകൂട്ടരിലും ആളിപ്പടര്‍ന്നു. മാസങ്ങള്‍ക്കു ശേഷം ആര്‍എസ്എസ് ജില്ലാ നേതാക്കള്‍ കടവൂരില്‍ ക്യാമ്പ്ചെയ്ത് കൃത്യമായ ആസൂത്രണത്തിലൂടെയാണ് ജയനെ വകവരുത്തിയത്.
ജയന്റെ മരണശേഷം ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റായത് കേസിലെ ഒന്നാംപ്രതി വിനോദായിരുന്നു. 2012 ഫെബ്രുവരി 7നാണ് കേസിനാസ്പദമായ സംഭവം. ബിജെപി പ്രവര്‍ത്തകനായിരുന്ന ജയന്‍ പാര്‍ട്ടി വിട്ടതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് എത്തിച്ചതെന്നാണ് വിവരം.
