വളമാക്കാന്‍ ഫാക്ടറികള്‍ കെട്ടികിടക്കുന്ന മത്സ്യം മലയാളികളുടെ തീന്‍മേശയില്‍; ടണ്‍കണക്കിന്‍ പുഴുവരിച്ച മത്സ്യം കേരളത്തിലേക്കെത്തുന്നു

ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമായതോടെ കേരളത്തിലെത്തുന്നത് വള നിര്‍മ്മാണത്തിനായി സ്റ്റോക്ക് ചെയ്ത മത്സ്യം. ആന്ദ്ര,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വളം ഫാക്ടറികളില്‍ നിന്നാണ് കേരളത്തിലേക്ക് മത്സ്യം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണാടകയിലെ മംഗാലപുരം എന്നിവിടങ്ങളില്‍ തീരദേശത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വളം ഫാക്ടറികളില്‍ വളമാക്കുവാന്‍ വച്ചിരിക്കുന്ന മീനുകളാണ് ലോക്ഡൗണിന്റെ മറവില്‍ സംസ്ഥാനത്ത് എത്തുന്നത്. ഇതിനായി പ്രത്യേക സംഘങ്ങളും രംഗത്തുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

കടലില്‍നിന്നു കൂറ്റന്‍ ബോട്ടുകളിലും മറ്റും പിടിക്കുന്ന വലിയ മീനുകള്‍ കരയില്‍ എത്തിക്കുന്നത് മാസങ്ങള്‍ക്ക് ശേഷമാണ്. ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്തു ശീതികരണ സംവിധാനങ്ങളിലാണ് ഇവ സൂക്ഷിക്കുന്നതെങ്കിലും ചിലപ്പോള്‍ കുറച്ചൊക്കെ കരയിലെത്തുമ്പോഴേക്കും അഴുകിത്തുടങ്ങാറുണ്ട്. ഇങ്ങനെ ചീയുന്നവയാണു വളം കമ്പനികള്‍ വാങ്ങുന്നത്. ഇവ ഫാക്ടറികളിലെത്തിച്ചു കോഴിത്തീറ്റയും വളവും മറ്റുമാക്കും. മൊത്തമായി വാങ്ങുന്ന മത്സ്യം ഫാക്ടറിളില്‍ സൂക്ഷിക്കുകയാണ്.

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത്തരം ഫാക്ടറികള്‍ പലതും അടച്ചുപൂട്ടി. ഇങ്ങനെ പൂട്ടിയ ഫാക്ടറികളില്‍ സൂക്ഷിച്ചിരിക്കുന്ന മീനുകളാണ് ഇടനിലക്കാര്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതോടെ സമാന്തര പാതകളിലൂടെയാണു ചീഞ്ഞ മത്സ്യവുമായുള്ള വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് എത്തുന്നത്. എവിടെയൊക്കെ പരിശോധന നടക്കുന്നുണ്ടെന്ന വിവരം ഇവരെ മുന്‍കൂട്ടി അറിയിക്കാനും ആളുകളുണ്ട്.

ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ടു സംസ്ഥാനത്ത് മത്സ്യത്തിന് ആവശ്യക്കാര്‍ ഏറുമെന്നതിനാലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ മത്സ്യം എത്തിയത്. പരിശോധന കര്‍ശനമാക്കിയതോടെ മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് വള്ളങ്ങളും ചെറുബോട്ടുകളും വാടകയ്ക്ക് എടുത്ത് ഇതുവഴിയാണ് ഇപ്പോള്‍ മീനുകള്‍ കരയിലേക്ക് എത്തിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മീനെന്നു വരുത്തിതീര്‍ക്കാനാണിത്. ഹാര്‍ബറുകളില്‍ പരിശോധന ഉള്ളതിനാല്‍ ഹാര്‍ബര്‍ ഒഴിവാക്കി മറ്റുള്ള തീരങ്ങളില്‍ അടുപ്പിച്ചാണ് മീന്‍ വാഹനങ്ങളിലേക്കു മാറ്റുന്നത്.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് അഴുകിയ മല്‍സ്യമെത്തിക്കുന്ന മുപ്പതിലേറെ സംഘങ്ങളുണ്ടെന്ന് സംയുക്ത സ്‌ക്വാഡിന് വിവരം ലഭിച്ചതോടെ പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഒരു ലക്ഷം കിലോയ്ക്കടുത്ത് മല്‍സ്യമാണു ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവിഭാഗവും പോലീസും ചേര്‍ന്നു പിടികൂടിയത്.

കൊച്ചി വെപ്പിനില്‍ ഇന്നലെ പിടിച്ചെടുത്ത കേര ഉള്‍പ്പെടെയുള്ള മീനുകള്‍ പുഴുവരിക്കുന്ന നിലയിലായിരുന്നു. തമിഴ്നാട് ബോട്ടില്‍നിന്ന് വാങ്ങിയ നാലായിരം കിലോ മല്‍സ്യം ചെറുകിടക്കാര്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളുടെ സംയുക്ത സംഘം ഇവിടെ പിടിച്ചെടുത്തത്. ഇതിനകം തന്നെ നിരവധി ലോഡുകള്‍ പലയിടങ്ങളിലേക്കും കൊണ്ടുപോയിരുന്നതായി സൂചനയുണ്ട്.

Vinkmag ad

Read Previous

കേരളത്തിന് കൈത്താങ്ങായി അല്ലുഅര്‍ജുന്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി

Read Next

ഇന്ത്യയിലും ആശങ്ക വര്‍ധിക്കുന്നു; ലോക്ക് ഡൗണിലും മഹാമാരിയെ പിടിച്ചുകെട്ടാന്‍ കഴിയാതെ രാജ്യം; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കുതിക്കുന്നു

Leave a Reply

Most Popular