ഫിറോസ് കുന്നുംപറമ്പിലിന്റെ രക്തം ഊറ്റിക്കുടിക്കാന്‍ ശ്രമിച്ചവരെല്ലാം ഇളിഭ്യരായിപ്പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്. പലതവണ ഫിറോസിനെതിരേ നിരവധി കോണുകളില്‍ നിന്ന് എതിരാളികള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും അതിലൊന്നും പൊലീസ് കേസോ മറ്റ് നൂലാമാലകളോ വന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം എറണാകുളം ചെരാനല്ലൂര്‍ സ്വദേശി വര്‍ഷ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, പിഎംഎ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരേ ചെരാനല്ലൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
വര്‍ഷയുടെ അമ്മയുടെ ചികിത്സയ്ക്കായി സോഷ്യല്‍മീഡിയ വഴി നടത്തിയ പ്രചാരണത്തില്‍ ലഭിച്ച 1.35 കോടി രൂപയില്‍ നിന്ന് ഒരു ഭാഗം തുക തട്ടിയെടുക്കാന്‍ പ്രതികള്‍ നിര്‍ബന്ധിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ഇതോടെ ഫിറോസ് അടക്കമുള്ള ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകരുടെ എതിരാളികള്‍ സടകുടഞ്ഞെഴുന്നേറ്റു. ഫിറോസ് ഹവാല പണം വെളുപ്പിക്കാനാണ് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നതെന്നും കണക്കില്ലാത്ത കോടികള്‍ ഇവരുടെ അക്കൗണ്ടുകള്‍ വഴി തിരിമറി ചെയ്യപ്പെടുന്നുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം. അതോടൊപ്പം വര്‍ഷയുടെ അമ്മയ്ക്ക് ലഭിക്കേണ്ട തുക പിടിച്ചുപറിക്കുന്ന കൊള്ളക്കാരുടെ പരിവേഷവും സാജനും ഫിറോസിനും എതിരാളികള്‍ ചാര്‍ത്തിക്കൊടുത്തു. എന്നാല്‍ ഇതൊക്കെ ഒറ്റയടിക്ക് പൊളിഞ്ഞുവീഴുന്ന സംഭവങ്ങളാണ് തുടര്‍ന്ന് അരങ്ങേറിയത്.
എറണാകുളം ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിച്ചതോടെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുകയായിരുന്നു. എതിരാളികള്‍ ഉയര്‍ത്തിയ പ്രധാന ആരോപണങ്ങളിലൊന്ന് 65 ലക്ഷം രൂപ ഒറ്റയടിക്ക് വര്‍ഷയുടെ അക്കൗണ്ടിലേക്ക് വന്നു എന്നും ഇത് ഹവാല ഇടപാടുമായി ബന്ധപ്പെട്ട തുകയാണെന്നുമായിരുന്നു. എന്നാല്‍ അക്കൗണ്ട് പരിശോധനയില്‍ ഇങ്ങനെയൊരു ഇടപാട് നടന്നിട്ടില്ലെന്ന് പൊലീസിന് വ്യക്തമായി.
16500 പേരാണ് ഫിറോസിന്റെയും സാജന്റെയുമൊക്കെ ആഹ്വാനപ്രകാരം വര്‍ഷയുടെ അമ്മയുടെ ചികിത്സാ സഹായത്തിനായി പണം അക്കൗണ്ടിലിട്ടത്. 100 മുതല്‍ 1 ലക്ഷം രൂപവരെ നിക്ഷേപിച്ചവര്‍ ഇക്കൂട്ടത്തില്‍പ്പെടും. മുഴുവന്‍ തുകയും അക്കൗണ്ടിലൂടെ തന്നെയാണ് വന്നതെന്ന് വ്യക്തമായതിനാല്‍ ഹവാല ആരോപണം ഇതിലൂടെ തകര്‍ന്നു. പുറത്തുവന്ന ഫോണ്‍ റെക്കോര്‍ഡുകള്‍ പ്രകാരം ഫിറോസ് ഭീഷണിപ്പെടുത്തിയതിനും തെളിവില്ല.
ഒരു സഹായവും ലഭിക്കുന്നില്ലെന്ന് വിലപിച്ചിരുന്ന വര്‍ഷയ്ക്ക് ഫിറോസിന്റെയും സാജന്‍ കേച്ചേരിയുമടക്കമുള്ളവരുടെ പിന്തുണയാണ് ഏറെ സഹായകമായത്. ഇവരെ സ്വന്തം സഹോദരങ്ങളായി വര്‍ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അമ്മയുടെ ചികിത്സയ്ക്ക് ആവശ്യമായ തുക എടുത്ത ശേഷം ബാക്കി തുക ചികിത്സാ സഹായം ആവശ്യമുള്ള മറ്റു രോഗികള്‍ക്ക് നല്‍കുക എന്നതായിരുന്നു ഇവര്‍ തമ്മിലുണ്ടാക്കിയ ധാരണ. എന്നാല്‍ പത്തു ലക്ഷം ആവശ്യമുള്ളിടത്ത് 1.35 കോടി അക്കൗണ്ടിലെത്തിയതിന് പിന്നാലെ വര്‍ഷ ധാരണയില്‍ നിന്ന് പിന്മാറി. ധാരണ പാലിക്കണമെന്ന് ഫിറോസും കൂട്ടരും പറഞ്ഞതോടെയാണ് വര്‍ഷ ഇവര്‍ക്കെതിരേ രംഗത്തെത്തിയത്. ഫിറോസിനെ അടിക്കാന്‍ വടി തേടി നടന്നവര്‍ ഈയവസരം പരമാവധി മുതലാക്കി. ഫിറോസിനെ കള്ളനായും കൊള്ളക്കാരനായും ഹവാലക്കാരനായ രാജ്യദ്രോഹിയായും വരെ വിശേഷിപ്പിച്ചു. എന്നാല്‍ അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഈ ആരോപണങ്ങളുടെയെല്ലാം മുനയൊടിഞ്ഞു.
ഫിറോസിന് പൂര്‍വാധികം ശക്തിയോടെ ഭംഗിയായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനപിന്തുണയോടെ തുടരാനുള്ള സാഹചര്യമാണ് ഇതോടെ കൈവന്നത്. ഫിറോസിനെ ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് ഒരു താക്കീത് കൂടിയായി ഇത്. ഫിറോസും സാജനുമടങ്ങുന്ന ഓണ്‍ലൈന്‍ ചാരിറ്റിപ്രവര്‍ത്തകര്‍ ഇതോടകം ആയിരക്കണക്കിന് പാവപ്പെട്ട, നിരാലംബരായ രോഗികള്‍ക്ക് സാന്ത്വനം നല്‍കിക്കഴിഞ്ഞു. ഇത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ നശിപ്പിക്കുന്നത് സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹായം ഒരിക്കലും തേടിയെത്താത്ത പാവപ്പെട്ട രോഗികളുടെ അവസാന പ്രതീക്ഷയാണെന്നതാണ് യാഥാര്‍ത്ഥ്യം
