വയാനാട് ജില്ലയില്‍ കോവിഡ് വ്യാപനത്തില്‍ ആശങ്ക പടരുന്നു. ഇന്ന് അഞ്ച് പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചിരിക്കുന്നത്. വിദേശത്തു നിന്നു വന്ന സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശിയായ ഗര്‍ഭിണി, അവരുടെ ഭര്‍ത്താവ്, കോയമ്പേട് നിന്ന് വന്ന രോഗം സ്ഥിരീകരിച്ച ചീരാല്‍ സ്വദേശിയായ യുവാവിന്റെ സഹോദരന്‍, ഒരു വയസ്സുകാരിയുള്‍പ്പെടെയുള്ളവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 19 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. അതേസമയം ജില്ലയില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തുടക്കത്തില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത മൂന്നു പേര്‍ക്ക് രോഗം ഭേദമായിരുന്നു. 32 ദിവസം തുടര്‍ച്ചയായി പുതിയ ഒരു കോവിഡ് രോഗി പോലും ഇല്ലാതിരുന്ന ജില്ല പൊടുന്നനെ രോഗികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലെത്തുകയായിരുന്നു. കോയമ്പേട് മാര്‍ക്കറ്റില്‍പോയി മടങ്ങിവന്ന മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവറില്‍നിന്നാണ് ചികിത്സയിലുള്ള മിക്കവര്‍ക്കും ഇപ്പോള്‍ രോഗം പകര്‍ന്നത്. മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ മലപ്പുറം, കണ്ണൂര്‍ സ്വദേശികളായ പൊലീസുകാര്‍ക്കും രോഗം പകര്‍ന്നത് വയനാട്ടില്‍ നിന്നുമാണ്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. വയനാടിന് പുറമെ മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്.
