കോഴിക്കോട്: ലോകം മുഴുവന്‍ കോവിഡിന്റെ മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കേ രാജ്യ തലസ്ഥാനത്ത് പോലിസും കേന്ദ്ര ആഭ്യന്തര വകുപ്പും വിദ്യാര്‍ഥികള്‍ക്കെതിരെ നടത്തുന്ന പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.
മുസ്ലിംകള്‍ക്കെതിരെ ഡല്‍ഹിയില്‍ നടന്ന വംശഹത്യാ കലാപത്തിന് നേതൃത്വം നല്‍കിയവരെ സംബന്ധിച്ച തെളിവുകള്‍ സോഷ്യല്‍ മീഡിയയിലടക്കം പരസ്യമായിരിക്കെയാണ് യഥാര്‍ഥ കുറ്റവാളികളെ പിടികൂടുന്നതിന് പകരം പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികക്കുമെതിരെ ജനാധിപത്യ രീതിയില്‍ സമരം നയിച്ചവരെ പോലീസും ആഭ്യന്തര വകുപ്പും വേട്ടയാടുന്നത്. ഡോ. ഉമര്‍ ഖാലിദ്, മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ എന്നീ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതും യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതും മനുഷ്യാവകാശ വിരുദ്ധവും അപലപനീയവുമാണ്.
രാജ്യം മുഴുവനും ലോക് ഡൗണിലായിരിക്കെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരില്ലെന്ന ഉറപ്പിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ന്യൂനപക്ഷ വേട്ട നടത്തുന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്. കോവിഡിന്റെ പശ്ചാതലത്തിലുള്ള നിയന്ത്രണങ്ങളുടെ മറവില്‍ തങ്ങളുടെ വംശീയ വിദ്വേഷ അജണ്ട നടപ്പാക്കാനുള്ള നീചമായ ശ്രമമാണ് സര്‍ക്കാറിന്റേത്.
അടിയന്തിര സാഹചര്യങ്ങളുടെ ഘട്ടത്തില്‍ രാജ്യങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബേഷ് ലേറ്റ് ജേറിയ ചൂണ്ടിക്കാട്ടിയത് സര്‍ക്കാര്‍ മുഖവിലക്കെടുക്കണം. കോവിഡ് വൈറസ് ആക്രമിക്കുന്നത് മതവും ജാതിയും ഭാഷയും വംശവും നോക്കിയല്ലെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി രാജ്യത്ത് മത,ജാതി,വിദ്വേഷ നടപടികള്‍ക്ക് കാര്‍മികത്വം വഹിക്കുകയാണെന്നും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമെല്ലാം നടന്നുവരുന്ന മുസ്ലിംവിരുദ്ധ നടപടികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്നും അബ്ദുല്‍ അസീസ് അഭിപ്രായപ്പട്ടു.
