സ്വര്‍ണക്കടത്ത് കേസില്‍ എം ശിവങ്കറിനെ കുടുക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിനെ കുടുക്കുന്ന തരത്തിലുള്ള തെളിവുകളാണ് ഇഡി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ശിവശങ്കറുമായി സ്വപ്‌നയ്ക്കുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്ന മൊഴി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്‌നയുടെ സ്വര്‍ണം കണ്ടെത്തിയ ലോക്കര്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയത് ശിവശങ്കര്‍ ആണെന്ന സ്വപ്‌നയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമായി ചേര്‍ന്നാണ് സ്വപ്‌ന ലോക്കര്‍ എടുത്തിരിക്കുന്നത്.
ശിവശങ്കറിനെ കുടുക്കുന്ന പുതിയൊരു നീക്കവും ഇഡി നടത്തി. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ഇടപാടിന്റെ ധാരണാപത്രം കൈമാറണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കാരിന് കത്ത് നല്‍കി. ചീഫ് സെക്രട്ടറിക്കും ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനുമാണ് കത്ത് നല്‍കിയിരിക്കുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് നടത്തിയ 20 കോടിയുടെ നിക്ഷേപത്തിന് സ്വപ്‌ന സുരേഷിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ഇതാണെന്ന് പറയുന്നു.
സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് മൂന്നു തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. 2017 ഏപ്രിലില്‍ ഇരുവരുമൊരുമിച്ച് യുഎഇ യാത്ര നടത്തി. 2018 ഏപ്രിലില്‍ ഒമാനിലും ഇവര്‍ കൂടിക്കാഴ്ച നടത്തി. തിരിച്ചുവന്നത് ഒരുമിച്ച് ആയിരുന്നു. 2018 ഒക്‌ടോബറിലും ഇരുവരും ഒരുമിച്ച് യുഎഇയില്‍ പോയി തിരിച്ചുവന്നു. മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശന വേളയിലായിരുന്നു ഈ യാത്രയെന്നും എന്‍ഫോഴ്‌സമെൻ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാര്‍ പുറത്തുവിടാന്‍ പ്രതിപക്ഷ കക്ഷികള്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് അന്വേഷണ ഏജന്‍സിയും ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.
