ലോക്ക് ഡൗണിൽ രാജ്യത്ത് പട്ടിണി കിടക്കുന്നവർ അനവധിയാണ്. ഒരു നേരത്തെ ഭക്ഷണത്തിന് തന്നെ ബുദ്ധിമുട്ടുന്ന ജനം നിയന്ത്രണം വിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയാണ്. ആത്മഹത്യ ചെയ്തവരും ഉണ്ട്. ഇതിനിടെ പട്ടിണി മാറ്റാൻ യുവാക്കൾ രാജവെമ്പാലയെ ഭക്ഷിച്ചു,
അരുണാചൽ പ്രദേശിലാണ് സംഭവം. 12 അടി നീളമുള്ള രാജവെമ്പാലയെ ഒരു സംഘം യുവാക്കൾ ചേർന്ന് കൊന്ന് ആഹാരമാക്കി. പാമ്പിനെ കൊന്ന് തോളിൽ തൂക്കി നിൽക്കുന്ന മൂന്ന് യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പാമ്പിനെ കാട്ടിൽ നിന്നും പിടികൂടി കൊന്നെന്നാണ് ഇവർ പറയുന്നത്. ലോക്ക് ഡൗണായതിനാൽ തങ്ങൾക്ക് ആഹാരം ലഭിക്കുന്നില്ലെന്നും അതുകൊണ്ട് കാട്ടിൽ ആഹാരം തേടി പോയപ്പോഴാണ് രാജവെമ്പാലയെ കിട്ടിയതെന്നും ഇവരിൽ ഒരാൾ വീഡിയോയിലൂടെ പറയുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടെന്ന റിപ്പോർട്ട് അരുണാചൽ സർക്കാർ തള്ളി. സംസ്ഥാനത്ത് മൂന്ന് മാസത്തേക്കുള്ള അരിയും ഭക്ഷ്യവസ്തുക്കളും ശേഖരിച്ചു വച്ചിട്ടുണ്ടെന്നും റേഷൻ സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
പാമ്പിനെ കൊന്നവർക്കെതിരെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്. രാജവെമ്പാലയെ കൊല്ലുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. വംശനാശഭീക്ഷണി നേരിടുന്ന രാജവെമ്പാലകൾ ഏറ്റവും കൂടുതൽ കാണുപ്പെടുന്ന സംസ്ഥാനമാണ് അരുണാചൽപ്രദേശ്.
