രാജ്യത്തെ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇടത്തരം ചെറുകിട റിട്ടെയല്‍ ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രം ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
മാളുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാനാവൂ. മാര്‍ക്കറ്റുകള്‍, ഹൌസിങ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ റീറ്റെയ്ല്‍ ഷോപ്പുകള്‍ തുറക്കാം. മുന്‍സിപ്പാലിറ്റികള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതിയില്ല. ഹോട്ട് സ്‌പോട്ടുകളില്‍ ഇളവ് ബാധകമല്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാം കടകളിലും 50 ശതമാനം ജീവനക്കാരേ പാടുള്ളൂവെന്ന കര്‍ശന നിബന്ധനയുണ്ട്. ഇവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്ത് കോവിഡ് രോഗ വ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിലാണ് കടകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനത്തിന്റെ വേഗത കുറഞ്ഞെന്നും നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് 10 ദിവസം എടുക്കുന്നു. 28 ദിവസമായി 15 ജില്ലകളിലും 14 ദിവസമായി 80 ജില്ലകളിലും രോഗബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. അടച്ചുപൂട്ടല്‍ ഇല്ലായിരുന്നുവെങ്കില്‍ രോഗബാധിതര്‍ ഒരു ലക്ഷം കടന്നേനെ എന്നാണ് നീതി ആയോഗിന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഇന്ന് പുലര്‍ച്ചെയാണ് ലഭിച്ചതെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്ക് ആശ്വാസകരമായ ഉത്തരവാണിത്. കോവിഡ് പ്രതിരോധത്തെ ബാധിക്കാത്ത വിധത്തില്‍ എങ്ങനെ ഉത്തരവ് നടപ്പാക്കാമെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
