കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഫലം കണ്ടുവരുന്നതായി കേന്ദ്രസര്‍ക്കാര്‍. ഏഴുദിവസത്തിനിടെ രാജ്യത്തെ 80 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
47 ജില്ലകളില്‍ 14 ദിവസത്തിനിടെ ഒരാളില്‍ പോലും പുതുതായി രോഗം കണ്ടെത്തിയിട്ടില്ലെന്നും ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് പറഞ്ഞു. 39 ജില്ലകളില്‍ സ്ഥിതി മറിച്ചാണ്. 21 ദിവസത്തിനിടെ ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 17 ജില്ലകളില്‍ 28 ദിവസത്തിനിടെ ഒരു കോവിഡ് രോഗി പോലും ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
കോവിഡ് അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് കോവിഡ് രോഗബാധിതര്‍ ഇരട്ടിയാകുന്നതിലും കുറവുണ്ടായി. കഴിഞ്ഞ 14 ദിവസത്തെ കണക്കുകള്‍ അനുസരിച്ചാണ് വിലയിരുത്തല്‍. 14 ദിവസത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 8.7 ദിവസമായി ഉയര്‍ന്നു. കഴിഞ്ഞ ഏഴുദിവസത്തിനിടെ സ്ഥിതിയില്‍ വീണ്ടും അനുകൂല മാറ്റമുണ്ടായി.
രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 10. 2ദിവസമായി. എന്നാല്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ പുറത്തുവരുന്ന കണക്കുകള്‍ കൂടുതല്‍ ശുഭസൂചകമാണെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 10.9 ദിവസമായി ഉയര്‍ന്നതായും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
