ലോക്ക്ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ക്ഷേത്ര ചടങ്ങുകള്‍ നടന്നുവെന്ന വാര്‍ത്തകള്‍പുറത്ത് വന്നതിന് പിന്നാലെ കോഴിക്കോട് ബാലുശ്ശേരിയിലും ലോക്ക്് ഡൗണ്‍ ലംഘിച്ച് ക്ഷേത്രചടങ്ങുകള്‍ നടത്തിയതിന് പോലീസ് കേസെടുത്തു. നന്മണ്ട കുന്നത്തെരുക്ഷേത്രത്തിലാണ് വിഷു ആഘോഷത്തിന്റെ ഭാഗമായുള്ള പണ്ടാട്ടി തല്ല് എന്ന ചടങ്ങ് നടന്നത്.
മലബാറിലെ ശാലിയ തെരുവുകളിലെ ഗണപതി ക്ഷേത്രങ്ങളില്‍ വിഷുനാളില്‍ നടക്കുന്ന ചടങ്ങാണ് പണ്ടാട്ടി തല്ല്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാ ആഘോഷ ചടങ്ങുകളും മാറ്റിവയ്ക്കണമെന്ന പോലീസ് നിര്‍ദ്ദേശം ലംഘിച്ചാണ് ക്ഷേത്രത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. നിരവധി വീടുകള്‍ കയറിയിറങ്ങി പണ്ടാട്ടി തെയ്യം നീങ്ങുന്നതാണ് ഈ ചടങ്ങ്. കോവിഡ് വ്യാപനകാലത്ത് ഗുരുതരമായ കുറ്റമാണ് ക്ഷേത്രസമിതി നടത്തിയതെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ഏഴ് പേര്‍ക്കെതിരെ ബാലുശ്ശേരിപോലീസ് കേസെടുത്തു.
