കൊവിഡ് 19 പടർന്ന് പിടിക്കുന്നത് തടയുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ പോലീസ് പൗരന്മാരോട് ക്രൂരമായി പെരുമാറുന്നതായി പരാതി. സോഷ്യൽ മീഡിയയിൽ പോലീസ് ക്രൂരത (#PoliceBrutality) എന്ന ഹാഷ്ടാഗ് ട്രംൻഡിംഗാകുന്നു.
നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ എങ്ങനെ നടപ്പിലാക്കും എന്ന ധാരണയില്ലാത്തതാണ് പല സംസ്ഥാനങ്ങളിലും പോലീസ് നേരിടുന്ന വെല്ലുവിളി. അനാവശ്യമായി പുറത്തിറങ്ങുന്നവർ ഉണ്ടെങ്കിലും അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവരെയും ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടെ പോലീസ് ക്രൂരമായി കൈകൈര്യം ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
നിരത്തിലിറങ്ങുന്ന പൊതുജനത്തെ എങ്ങനെ മാന്യമായി കൈകാര്യം ചെയ്യണമെന്ന് പോലീസിന് മാർഗ്ഗ നിർദ്ദേശം നൽകിയില്ലെങ്കിൽ വലിയ തിരിച്ചടിയാകും ഉണ്ടാകുക. പോലീസ് ലാത്തിഉപയോഗിച്ച് സ്ത്രീകളെയും കുട്ടികളെയും അടക്കം ക്രൂരമായി മർദ്ദിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. ജനങ്ങൾ പോലീസിനെതിരെ തിരിയുന്നതിന് ഇവ കാരണമാകും.
ലാത്തികൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുന്ന ചിത്രം ‘തയ്യാറെടുപ്പ്’ എന്ന തലക്കെട്ടോടെ പങ്കുവച്ച ഐപിഎസ് ഓഫീസറുടെ ട്വീറ്റും വിവാദമായി. കേരളത്തിലടക്കം പോലീസിൻ്റെ നിരുത്തരവാദിത്വപരമായ പെരുമാറ്റം പലർക്കും അനുഭവിക്കേണ്ടിവന്നെന്ന് സോഷ്യൽമീഡിയയിലെ കുറിപ്പുകൾ സൂചിപ്പിക്കുന്നു. സമ്യമനത്തോടെ സാഹചര്യങ്ങളെ നേരിടാൻ പോലീസിനെ പ്രാപ്തമാക്കുകയാണ് അടിയന്തരമായി വേണ്ടത്.
