മഹാമാരി പടരുന്ന സമയത്തെയും സുവർണാവസരമായി കാണുകയാണ് ബിജെപി. ലോക്ക്ഡൗണ്‍ കാരണം വലയുന്ന ജനങ്ങളെ സഹായിക്കാനെന്ന പേരിൽ വോട്ട് പിടിക്കാനിറങ്ങിയ ബിജെപി പ്രവർത്തകരുടെ ദൃശ്യങ്ങൾ പുറത്ത്.
സഹായ കിറ്റുമായി വീട്ടിലെത്തുന്ന സംഘം ഒരു വീട്ടമയ്ക്ക് അത് സമ്മാനിക്കുകയും കൂട്ടത്തിൽ തങ്ങളുടെ യാഥാർത്ഥ ഉദ്ദേശം വെളിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പരക്കുന്നത്.
കൊറോണയുടെ ബുദ്ധിമുട്ടിന്റെ ഇടയില്‍ ഒരു സഹായം, തിരിച്ച് നമ്മളെയും സഹായിക്കണമെന്ന് പറഞ്ഞാണ് കിറ്റ് സമ്മാനിക്കുന്നത്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒമ്പതാം വാര്‍ഡിലെ കല്യാണ്‍ റോഡ് കോളനിയിലാണ് സംഭവം.
രാഷ്ട്രീയ പാര്‍ട്ടികളൊ സന്നദ്ധ സംഘടനകളൊ ഉള്‍പ്പെടെ സ്വകാര്യ വ്യക്തികളോ സംഘടനകളൊ സന്നദ്ധ സേവനം നടത്തരുതെന്ന് കാസര്‍കോട് ജില്ലാകളക്ടര്‍ നേരത്തെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
ബിജെപിയുടെ മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറിയായിട്ടുളള ഉണ്ണികൃഷ്ണനും മറ്റ് നാല് ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് കോളനിയിലുള്ള ഒരു വീട്ടിലെത്തി സന്നദ്ധ പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയമായി പ്രത്യുപകാരം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
