ലോക്ക്ഡൗണ്‍ സമയത്തും വൈറസ് വ്യാപനം വർദ്ധിച്ചത് രാജ്യത്തെ ആശങ്കയിലാഴുത്തുന്നു. 4789 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 149 മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. രോഗവ്യാപനത്തിൻ്റെ തോത് ഇരട്ടിയായി എന്നതാണ് ആശങ്കപ്പെടുത്തുന്നത്.
രോഗവർദ്ധന ഇങ്ങനെ തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണം 17000 കടന്നേക്കും. എട്ടുദിവസം കൂടുമ്പോഴാണ് നേരത്തെ കേസുകൾ ഇരട്ടിയായിരുന്നത്. പിന്നീട് ആറു ദിവസമായും ഇപ്പോഴത് നാലുദിവസമായും കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മാർച്ച് 15 മുതൽ 20 വരെ അഞ്ചുദിവസം കൂടുമ്പോഴാണ് കൊവിഡ് കേസുകൾ ഇരട്ടിയായത്. എന്നാൽ മാർച്ച് 20 മുതൽ 23 വരെ മൂന്നുദിവസം കൊണ്ട് വർദ്ധിച്ചു. 23 മുതൽ 29 വരെ ആറു ദിവസത്തിൽ കേസുകൾ ഇരട്ടിയായി. 29 മുതൽ ഏപ്രിൽ രണ്ടുവരെയും ഏപ്രിൽ രണ്ടു മുതൽ ആറു വരെയും നാലു ദിവസംകൊണ്ട് കൊവിഡ് ബാധിതർ ഇരട്ടിയായി.
ലോക്‌ഡൗണിൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയുമ്പോഴാണ് ഈ സ്ഥിതി. കേസുകളുടെ വർദ്ധന കൂടി പരിഗണിച്ചായിരിക്കും ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിൽ കേന്ദ്രം അന്തിമ തീരുമാനമെടുക്കുക.
