പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഓരോ 24 മണിക്കൂറിലും ഏഴായിരം വരെ വര്‍ദ്ധനവ്. മരണനിരക്ക് 150-ൽ കൂടുതലാവുകയും ചെയ്യുന്ന അവസരത്തിൽ ലോക് ഡൗണ്‍ നിയന്ത്രണങ്ങൾ കുറച്ചുകൂടി കര്‍ശനമാക്കേണ്ടിവരുമെന്ന സൂചനയുമായി ആഭ്യന്തര മന്ത്രാലയം
ലോക്ക്ഡൗണ്‍ പരാജയപ്പെട്ടതിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നതെന്ന വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും രാഹുല്‍ ഗാന്ധി. അതിവേഗമാണ് കേസുകള്‍ വര്‍ധിച്ചുവരുന്നതെന്നും രാഹുൽ.
‘നാലു ഘട്ട ലോക്ക്ഡൗണിലും പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. കൊറോണയെ പിടിച്ചുകെട്ടുമെന്ന് പ്രധാനമന്ത്രിയും അദ്ദേഹത്തിൻ്റെ ഉപദേശകരും അവകാശപ്പെട്ടിരുന്നു. അത് സംഭവിച്ചില്ല. ഞാന്‍ പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു, എന്താണ് സര്‍ക്കാരിൻ്റെ തന്ത്രം’- രാഹുല്‍ ചോദിച്ചു.
രോഗം തടയുന്നതിനെക്കുറിച്ചോ, കുടിയേറ്റത്തൊഴിലാളികളുടെ ദുരിതം സംബന്ധിച്ചോ, ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതുമായിട്ടോ എന്താണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. ലോക്ക്ഡൗണ്‍ പരാജയപ്പെട്ടു. അടുത്ത ഘട്ടത്തിലെ സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. കേന്ദ്രത്തിന്റെ പ്ലാന്‍ ബി വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് കുറച്ച് സംസ്ഥാനങ്ങള്‍ ഭരിക്കുന്നുണ്ട്. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുന്നു. കര്‍ഷകരെ സഹായിക്കുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വൈറസ് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ പോകുന്ന ഏകരാജ്യമാണ് ഇന്ത്യ. ലോക്ക്ഡൗണിൻ്റെ ലക്ഷ്യം പരാജയപ്പെട്ടു. ഫലവും ലഭിച്ചില്ല. ട്രെയിൻ, വിമാന സര്‍വ്വീസുകൾ കൂടി തുടങ്ങിയിരിക്കേ രോഗവ്യാപനതോത് ഇനിയും കൂടാം.
21 ദിവസത്തിനുള്ള കൊറോണയെ പരാജയപ്പെടുത്തുമെന്നായിരുന്നു പ്രധാമന്ത്രി രാജ്യത്തോട് പറഞ്ഞത്. ഈ അവകാശവാദം പരാജയപ്പെട്ടതായി പ്രധാനമന്ത്രി അംഗീകരിച്ചു. ഇതോടെ അദ്ദേഹം പിന്നോട്ട്‌പോയി. ആക്രമിച്ച് കളിക്കണമെന്ന് ഈ അവസരത്തില്‍ പ്രധാനമന്ത്രിയോട് താന്‍ ആവശ്യപ്പെടുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
