ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഏജന്‍സികളും എന്‍ജിഒകളും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ആർഎസ്എസ് സ്വീകരിച്ച് മോദിയുടെ ചിത്രം പതിച്ച് ബിജെപി പ്രവർത്തകർക്ക് മാത്രം നൽകുകയാണെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്.
കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ പരിശ്രമിക്കുമ്പോള്‍ സത്യസന്ധമായി അവരെ പിന്താങ്ങുന്നതിന് പകരം രാഷ്ട്രീയമാണ് ബി.ജെ.പി സര്‍ക്കാര്‍ കളിക്കുന്നത്. സംസ്ഥാനത്ത് സാമൂഹിക അടുക്കളകളും ആര്‍.എസ്എസിന്റെ സംഭരണശാലകളും തമ്മില്‍ വ്യത്യാസമില്ലെന്നും അഖിലേഷ് പറഞ്ഞു.
സന്നദ്ധ സംഘടനകളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ഭക്ഷ്യവസ്തുക്കള്‍ ആര്‍എസ്എസ് അവരുടേതാണെന്ന് അവകാശപ്പെടുന്നു, പിന്നീട് ഇത് മോദിയുടെ ചിത്രം പതിപ്പിച്ച ബാഗുകളില്‍ ബി.ജെ.പി അനുകൂല കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. ഇത് ആര്‍എസ്എസിന്റെ മോശം മാനസികാവസ്ഥയെ ആണ് വെളിവാക്കുന്നത്. സംഘത്തിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ മാത്രമാണോ ബി.ജെ.പി സര്‍ക്കാരിനെ തെരഞ്ഞെടുത്തത്? അഖിലേഷ് യാദവ് ചോദിച്ചു.
കോവിഡ് പ്രതിരോധത്തില്‍ രാജ്യം ഒറ്റക്കെട്ടാണ്. എന്നാൽ തെറ്റിധരിപ്പിക്കുന്ന പ്രസ്താവനകളിലൂടെ സർക്കാർ ജനങ്ങളെ ആശയക്കുഴപ്പലത്തിലാക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മോഡലുകളൊന്നും ഫലം കാണുന്നില്ല. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.
