കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ക് ഡൗൺ ചെയ്തിരിക്കുന്നതിനിടെ അനധികൃത പാസുമായി ബിജെപി എം എൽ എയ്ക്ക് അന്തർ സംസ്ഥാന യാത്ര നടത്തി. സംഭവം വിവാദമായപ്പോൾ പാസ് നൽകിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ.
ബിഹാർ ഹിസുവ എംഎൽഎ അനിൽ സിംഗാണ് അനധികൃത പാസുമായി കോട്ട നഗരത്തിലേക്ക് പോയത്. ലോക്ക് ഡൗണിനെ തുടർന്ന് രാജസ്ഥാനിലെ കോട്ട നഗരത്തിൽ കുടുങ്ങിയ തന്റെ 17 വയസുളള മകളെ തിരികെ കൊണ്ട് വരാനാണ് എം എൽ എ പോയത്. ഇദ്ദേഹത്തിന് അനധികൃത പാസ് അനുവദിച്ച നവഡാ ജില്ലയിലെ സബ് ഡിവിഷൻ ഓഫീസർ അനു കുമാറിനെയാണ് സസ്പെന്റ് ചെയ്തത്.
ഏപ്രിൽ 15 നാണ് അനിൽ സിംഗ് അനധികൃത പാസ് വാങ്ങി യാത്ര പുറപ്പെടുന്നത്. കൊവിഡ് ഹോട്ട് സ്പോട്ടായ കോട്ട നഗരത്തിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ തിരികെ കൊണ്ട് വരാൻ ഗതാഗതം ഒരുക്കണമെന്ന് നിരവധി സർക്കാരുകൾ പറയുമ്പോഴും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ എംഎൽ എയ്ക്ക് യാത്ര അനുമതി നൽകിയതിൽ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്ത് വന്നു.
സംസ്ഥാന നിയമസഭയിലെ ചീഫ് വിപ്പ് കൂടിയായ എംഎൽഎ അനിൽ സിംഗിന് സർക്കാർ ഉടമസ്ഥതയിലുള്ള വാഹനം നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന്റെ അനുമതിയില്ലാതെ വാഹനം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയതിനും ഡ്രൈവർക്ക് എതിരെ നോട്ടീസ് നൽകി. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനമല്ല, മറിച്ച് തന്റെ സ്വകാര്യ ഫോർച്യൂണറാണ് യാത്രയ്ക്ക് ഉപയോഗിച്ചതെന്നാണ് എംഎൽഎ യുടെ വാദം.
