കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ചൈനക്ക് അനുകൂലമായ നയം സ്വീകരിക്കുന്നെന്ന് ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് നൽകിവന്നിരുന്ന ധനസഹായം നിർത്തലാക്കിയ തീരുമാനം ട്രംപ് പുനഃപരിശോധിക്കുന്നു. ഫണ്ടിംഹ് ഭാഗികമായി പുനഃസ്ഥാപിക്കുമെന്ന് റിപ്പോർട്ട്.
ഫോക്സ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചൈന ലോകാരോഗ്യസംഘടനക്ക് നൽകുന്നത്ര തുക നൽകാൻ ട്രംപ് ഭരണകൂടം സമ്മതിച്ചതായാണ് ഉന്നതതലവൃത്തങ്ങളെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് വാർത്ത നൽകിയത്.
റിപ്പോർട്ട് ശരിയാണെങ്കിൽ നേരത്തേ യു.എസ് നൽകിവന്ന തുകയുടെ പത്തിലൊന്നു മാത്രമാകുമിത്. കഴിഞ്ഞവർഷം 40 കോടി ഡോളറാണ് യു.എസ് നൽകിയിരുന്നത്. ഏപ്രിൽ 14നാണ് കോവിഡ് വിഷയത്തിൽ ചൈനയുടെ പക്ഷം ചേരുന്നുവെന്നാരോപിച്ച് ലോകാരോഗ്യ സംഘടനക്ക് നൽകിവരുന്ന ഫണ്ട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് റദ്ദാക്കിയത്.
ലോകാരോഗ്യസംഘടനയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ ആരോപണം സംഘടന നിഷേധിച്ചിരുന്നു. യു.എസ് ആണ് ലോകാരോഗ്യസംഘടനക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകിയിരുന്നത്.
