സ്വയം വരുത്തിയ തെറ്റുകൾക്ക് മറ്റുള്ളവരെ പഴിചാരുന്ന കേവല വൈകാരികത കാണിക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയിൽ നിയന്ത്രണാതീതമായി കൊവിഡ് പടരുന്നതിനിടെ ലോകാരോഗ്യ സംഘടനയ്‌ക്കുള്ള അമേരിക്കയുടെ സാമ്പത്തിക സഹായം നിർത്തി ട്രംപ്.
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ തീവ്രത ലോകാരോഗ്യ സംഘടന മറച്ചുവച്ചെന്നും, രോഗത്തെ തടയുന്നതിൽ വീഴ്ച വരുത്തിയെന്നും ട്രംപ് ആരോപിച്ചു. കൊറോണ വൈറസിന്റെ വ്യാപനം കാര്യക്ഷമമായി കൈകാര്യം ചെയ്തതിലും രോഗത്തിന്റെ തീവ്രത മറച്ചുവച്ചതിലും ലോകാരോഗ്യ സംഘടനയുടെ പങ്ക് യുഎസ് വിലയിരുത്തും.
ഡബ്ല്യുഎച്ച്ഒയ്ക്ക് നൽകിക്കൊണ്ടിരുന്ന പണം ഇനി എന്തിനുവേണ്ടി വിനിയോഗിക്കണമെന്നു പിന്നീട് തീരുമാനിക്കും. കോവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോൾ യുഎസ് ഇത്രയും നാൾ നൽകിയിരുന്ന ‘ഔദാര്യം’ സംഘടന വേണ്ട രീതിയിൽ ഉപയോഗിച്ചിരുന്നോ എന്നു സംശയിക്കുന്നതായും ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സംഭാവന നൽകുന്ന രാജ്യമായ യുഎസ് കഴിഞ്ഞ വർഷം 400 മില്യൻ ഡോളറാണ് നൽകിയത്.
എന്നാൽ യുഎസ് പ്രസിഡന്റിന്റെ നടപടിക്കെതിരെ യുഎൻ രംഗത്തുവന്നു. വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ഒരു സംഘടനയുടേയും വരുമാന മാർഗങ്ങൾ തടയാനുള്ള സമയമല്ലെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കോവിഡിനെതിരായ യുദ്ധത്തിൽ വിജയിക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങൾ നിർണായകമായതിനാൽ ലോകാരോഗ്യ സംഘടനയെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നാണ് തന്റെ വിശ്വാസമെന്നും ഗുട്ടെറസ് പറഞ്ഞു.
എന്നാൽ ലോകാരോഗ്യ സംഘടനക്കെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ട്രംപ് കടുത്ത വിമർശനം ഉയർത്തുന്നുണ്ട്. അതിനെത്തുടർന്നുള്ള പ്രതികാര നടപടി പോലെയാണ് ഇപ്പോഴത്തെ തീരുമാനം ഉണ്ടായിരിക്കുന്നത്. സംഘടനയ്ക്കും അമേരിക്കക്കും ഒരുപോലെ ഇതിൻ്റെ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
