ലോകത്താകെ കോവിഡ് രോഗവ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദിവസേനെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ റക്കോഡ് വർദ്ധനയാണ് ഉണ്ടാകുന്നതെന്നും ഡബ്ല്യു.എച്ച്.ഒ.
യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള തലത്തിൽ സ്ഥിതി മോശമാണെന്ന് ഡബ്ല്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അദാനം ഗെബ്രിയേസസ് ജനീവയിൽ പറഞ്ഞു. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലും ഒരു ലക്ഷത്തിലധികം പേർക്ക് വീതം രോഗം ബാധിച്ചു.
കഴിഞ്ഞ ദിവസം 1,36,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ഇത് റെക്കാഡാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ 75 ശതമാനം കേസുകളും 10 രാജ്യങ്ങളിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് വംശവെറിക്കെതിരായ പ്രക്ഷോഭം തുടരുന്ന അമേരിക്കയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സമരപരിപാടികളിൽ പങ്കെടുക്കേണ്ടതെന്നും സംഘടന നിർദേശിച്ചു.
