കൊറോണ വൈറസിനാൽ വലയുകയാണ് ലോകം മുഴുവൻ. മാസ്ക് ധരിച്ചാണ് ലോകത്തിലെ ജനങ്ങളെല്ലാം നടക്കുന്നത്. എന്നാൽ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലെ നിലവിലെ അവസ്ഥ ഞെട്ടിക്കുന്നതാണ്.
കൊറോണ വൈറസ് എന്നൊരു മഹാമാരിയേ ലോകത്തില്ല എന്ന് തോന്നും, കോവിഡ് പൊട്ടിപ്പുറപ്പെട്ട സ്ഥലമാണെന്ന് പറയുകയും ഇല്ല വുഹാനിലെ ജീവിതം കണ്ടാൽ. കഴിഞ്ഞ വീക്കെന്‍ഡില്‍ ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലിന്‍റെ ഭാഗമായി ആയിരക്കണക്കിന് ആളുകളാണ് ഒരിടത്ത് തടിച്ചുകൂടിയത്. അതും ബീച്ചിലെ വെള്ളത്തിലാണ് പാർട്ടി നടന്നത്.
വുഹാനിലെ മായ ബീച്ച് വാട്ടർ പാർക്കിലാണ് ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ ആളുകള്‍ വന്നു നിറഞ്ഞത്. സ്വിംസ്യൂട്ടില്‍ തോളോടു തോളുരുമ്മി, മാസ്ക് പോലും ധരിക്കാതെയാണ് എല്ലാവരും എത്തിയിരിക്കുന്നത്. സ്വിമ്മിംഗ് പൂളിലെ റബ്ബർ ട്യൂബുകളിൽ ആളുകള്‍ നിറഞ്ഞു. ജലം കാണാനാവാത്ത രീതിയില്‍ ഉള്ള ജനക്കൂട്ടം ആയിരുന്നു പൂളിനുള്ളില്‍ എന്ന് ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
വുഹാനില്‍ നിന്നും ആരംഭിച്ച കൊറോണ വൈറസ് ഇതിനോടകം 21 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചു കഴിഞ്ഞു. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിൽ ഓരോ ദിവസവും പതിനായിരക്കണക്കിന് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ലോകമെമ്പാടും വിമര്‍ശനത്തിനു വിധേയമായിരിക്കുകയാണ് വുഹാനിലെ പുതിയ ഈ ആഘോഷതരംഗം.
