വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലെ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശരിയല്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ. എല്ലാ സ്ഥലത്തും പെർമിറ്റ് ലൈഫ് മിഷന് തന്നെയാണ് നൽകുന്നതെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നുണ പറയുന്നുവെന്നും പണി നടക്കുന്ന പദ്ധതിയുടെ പെർമിറ്റ് ലൈഫ് മിഷനാണെന്നും കെട്ടിടനിർമ്മാണാനുമതി രേഖകൾ പുറത്ത് വിട്ട് അനിൽ അക്കര എം.എൽ.എ ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
റെഡ് ക്രസൻ്റാണ് നിർമാണ കരാർ ഒപ്പിട്ടത്. ആർക്ക് കരാർ നൽകുന്നു എന്നത് സർക്കാർ അറിയേണ്ട കാര്യമില്ല. രാഷ്ട്രീയ പ്രചാര വേലയാണ് അനിൽ അക്കര എം.എൽ.എയുടേത്. ലൈഫ് മിഷൻ പദ്ധതി പ്രകാരമാണ് നിർമ്മാണം. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് തുടങ്ങി വച്ച പദ്ധതിയാണ് വടക്കാഞ്ചേരിയിലേത്. വീട് പണിത് കൈമാറുകയാണ് റെഡ് ക്രസൻ്റ്. സർക്കാരുമായി അവർക്ക് പണമിടപാടില്ല. അവർ പറയുന്ന ഏജൻസിയാണ് നിർമാണം നിർവഹിക്കുന്നത്. റെഡ് ക്രസൻ്റിൽ നിന്ന് ആരെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും സർക്കാർ നിലവിൽ ഇടപെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
