യുകെയില്‍ കൊറോണ ഭീതി വിതയ്ക്കുമ്പോള്‍ കുട്ടികളില്‍ കവാസാക്കി രോഗത്തിന് സമാന ലക്ഷണങ്ങളോടെ അജ്ഞാതരോഗം പടരുന്നു. പ്രതിരോധ സംവിധാനത്തെ താറുമാറാക്കുന്ന കാവസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങളാണ് പുതിയ രോഗം ബാധിച്ച കുട്ടികളിലുണ്ടാകുന്നതെന്ന് വിവിധ ഇടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.ഈ അജ്ഞാതരോഗത്തെ കൊറോണയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജിപിമാര്‍ക്ക് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ആഴ്ച മുതല്‍ 13 വയസുകാരനായ അബെര്‍ഡീനിലെ ലെവിസ് ഗ്രെയ്ഗ് എന്ന കുട്ടി വെന്റിലേറ്ററിലാണ് കഴിയുന്നത്. കണ്ണുകളില്‍ കടുത്ത ചുവപ്പും ശരീരമാസകലം മീസില്‍സ് പോലുള്ള തടിപ്പുകളുമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഈ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കൊറോണക്ക് സാധാരണയുണ്ടാകുന്ന ലക്ഷണങ്ങളൊന്നും പ്രകടമാക്കാതിരുന്നിട്ട് കൂടി കുട്ടിയെ ഗ്ലാസ്‌കോയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രണിലെ ഇന്റന്‍സീവ് കെയര്‍ വാര്‍ഡിലാണ് കിടത്തിയിരിക്കുന്നത്. ഇത്തരം രോഗം ബാധിച്ച 20 കുട്ടികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവര്‍ക്കെല്ലാം കൊറോണയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു നേരത്തെ ചികിത്സയേകിയിരുന്നതെന്ന ആരോപണം ശക്തമായിരിക്കെയാണ് ഈ അജ്ഞാതരോഗത്തെ കൊറോണയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജിപിമാര്‍ക്ക് എന്‍എച്ച്എസ് മുന്നറിയിപ്പേകിക്കൊണ്ട് മെയില്‍ അയച്ചിരിക്കുന്നത്.
എന്നാല്‍ ഇതിനെതിരേ പീഡിയാട്രീഷ്യന്‍മാര്‍ രംഗത്തെത്തി. കാവസാക്കി ഡീസീസ് ഫൗണ്ടേഷനിലെയും ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെയും പീഡിയാട്രീഷ്യന്‍മാരാണ് എന്‍എച്ച്എസ് ഈ അസുഖത്തെ കൊറോണയുമായി ബന്ധപ്പെടുത്തി അലംഭാവം നടിക്കുന്നതിനെതിരെ മുന്നോട്ട് വന്നത്.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാതെ ഈ അജ്ഞാത ഇന്‍ഫ്ലമേറ്ററി രോഗത്ത കൊറോണയുമായി ബന്ധപ്പെടുത്താനുള്ള എന്‍എച്ച്എസിന്റെ നീക്കത്തില്‍ ഇവര്‍ കടുത്ത രോഷമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന രോഗത്തിന് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കുട്ടികളിലുണ്ടായ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങളുമായാണ് കൂടുതല്‍ ബന്ധമെന്നും സയന്റിസ്റ്റുകള്‍ എടുത്ത് കാട്ടുന്നു.
എന്നാല്‍ ഇതു കൊറോണ ബാധയുമായി ബന്ധപ്പെട്ട രോഗാവസ്ഥ മൂലമാണെന്ന് കരുതുന്നതായും ആരോഗ്യ സെക്രട്ടറി മാറ്റി ഹാന്‍കോക് അറിയിച്ചു . രാജ്യത്താകമാനമുള്ള ഡോക്ടര്‍മാരുമായി ബന്ധപെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ രോഗാവസ്ഥയാണ്. കൊറോണ വൈറസ് മൂലമാണ് ഇതു ഉണ്ടാകുന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ ഇതു നൂറു ശതമാനം വിശ്വാസ യോഗ്യമല്ല. കൊറോണ പോസിറ്റീവ് അല്ലാത്തവരിലും ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടു വരുന്നതായും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഇതോടൊപ്പം വയറുവേദന, ഛര്‍ദി, വയറിളക്കം എന്നിവയും കുട്ടികളില്‍ ധാരാളമായി കണ്ടുവരുന്നതായി വാര്‍ത്തകളില്‍ പറയുന്നു. കുട്ടികളില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പുതിയ രോഗം യുകെയില്‍ ആശങ്ക സൃഷ്ടിക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
