ചൈനയുമായുള്ള അതിർത്തി സംഘർഷത്തെക്കുറിച്ച് കേന്ദ്രസർക്കാർ മൗനം തുടരുകയാണ്. സ്ഥിതിഗതികൾ വ്യക്തമാക്കണമെന്ന് പ്രതിപക്ഷത്തുനിന്നും ആവർത്തിച്ച് ആവശ്യമുയർന്നിട്ടും കേന്ദ്രം വായ തുറന്നിട്ടില്ല.
ലഡാക്കിലെ മൂന്ന് പോയിന്റുകളിൽ നിന്ന് ചൈനീസ് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സർക്കാർ നിശബ്‌ദ കാഴ്‌ചക്കാരായി നിൽക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഗൽവാൻ താഴ്‌വരയിൽ നിന്ന് ചെെനീസ് സെെന്യം പിൻമാറുകയാണെന്ന് അറിയിച്ച ശേഷം നമ്മുടെ സെെനികർ എങ്ങനെ കൊല്ലപ്പെട്ടുവെന്ന് രാജ്യത്തെ അറിയിക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തയ്യാറാകണമെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി രൺദീപ് സുർജേവാല പറഞ്ഞു.
2020 ഏപ്രിൽ/മെയ് മാസത്തിനുശേഷം നമ്മുടെ പ്രദേശം ചൈനക്കാർ അനധികൃതമായി കൈവശപ്പെടുത്തിയത് എങ്ങനെയെന്ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യത്തോട് വിശദീകരിക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു. അതിർത്തിയിൽ ഇത്രയും പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം തുടരുന്നത് എന്തുകൊണ്ടെന്ന് മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം ചോദിച്ചു.
രാജ്യത്തേക്ക് വിദേശ സെെനികർ കടന്നുകയറിയ ശേഷം ഏഴ് ദിവസം കഴിഞ്ഞിട്ടും ഒരു സർക്കാർ മേധാവി പോലും കൃത്യമായി പ്രതികരിക്കാത്ത അവസ്ഥ ഊഹിക്കാൻ സാധിക്കുമോ എന്നും ചിദംബരം ചോദിച്ചു.
“ചർച്ചകൾ നടക്കുന്നതിനിടെയും ഇന്ത്യയ്‌ക്കെതിരെ ചെെന നടത്തിയ ക്രൂരകൃത്യത്തെ കുറിച്ച് കേട്ട് രാജ്യം മുഴുവൻ ഞെട്ടിയിരിക്കുകയാണ്. നമ്മുടെ രക്തസാക്ഷികളുടെ ചോര വെറുതെയാകില്ല. അവർക്ക് മനസിലാകുന്ന ഭാഷയിൽ തന്നെ നമ്മുടെ ശത്രുക്കൾക്ക് തിരിച്ചടി നൽകണം.” കോൺഗ്രസ് ലോക്‌സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി ട്വീറ്റ് ചെയ്തു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തിങ്കളാഴ്ച്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കരസേനയുടെ ഓഫീസറും 19 സൈനികരുമാണ് കൊല്ലപ്പെട്ടത്. ഓഫീസറടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ചൊവ്വാഴ്ച്ച രാവിലെ പുറത്ത് വന്ന വാര്‍ത്ത. ചൊവ്വാഴ്ച്ച രാത്രി വൈകി ഇന്ത്യന്‍ സൈന്യം ഇറക്കിയ പ്രസ്താവനയിലാണ് 17 സൈനികര്‍ കൂടെ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്.
ഏകദേശം 45 വർഷങ്ങൾക്കുശേഷമാണ് അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതും ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെടുന്നതും. ഗൽവാൻ താഴ്‌വരയിൽ മിനിഞ്ഞാന്ന് (തിങ്കളാഴ്‌ച) രാത്രിയുണ്ടായ സംഘർഷത്തിലാണ് ഇന്ത്യൻ സേനാംഗങ്ങൾക്ക് ജീവൻ നഷ്ടമായതെന്ന് ആർമി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
