ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേയ്ക്കുള്ള യാത്രക്കായി തയ്യാറാക്കിയ മുന്‍ഗണനാ മാനദണ്ഡങ്ങള്‍ അട്ടിമറിയ്ക്കുന്നതായി പാരാതി. കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ഹരമായവരെ മാറ്റി നിര്‍ത്തി ഉന്നതസ്വാധീനത്തില്‍ അനര്‍ഹര്‍ പട്ടികയിലെത്തിയെന്നാണ് ആരോപണമുയരുന്നത്. അടിയന്തര ചികിത്സ വേണ്ടവരും ഗര്‍ഭിണികളുമായ ആയിരങ്ങള്‍ അവസരം ലഭിക്കാതെ യാത്ര മുടങ്ങുമ്പോഴാണ് പൂര്‍ണആരോഗ്യവാന്‍മാരായ ചെറുപ്പക്കാരും ജോലിയും വിസയും ഉള്ളവരുമെല്ലാം നാട്ടിലേയ്ക്ക് തിരിച്ചത്.
നിരവധി അനര്‍ഹര്‍ക്ക് ആദ്യ വിമാനങ്ങളില്‍ സീറ്റൊപ്പിച്ചു നല്‍കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതായാണ് പരാതി. മുന്‍ഗണനാ പട്ടിക പരസ്യപ്പെടുത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറാകണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.
എംബസിയും കോണ്‍സുലേറ്റും മുഖേന രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് നാട്ടിലേക്കുള്ള യാത്രക്ക് അര്‍ഹരായവരെ കണ്ടെത്തുന്നത്. ഏറ്റവും അടിയന്തര സ്വഭാവത്തില്‍ നാട്ടിലെത്തേണ്ടവര്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് എംബസി, കോണ്‍സുലേറ്റ് അധികൃതര്‍ പലകുറി വ്യക്തമാക്കിയതുമാണ്. യു.എ.ഇയില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങളില്‍ മാനദണ്ഡം പൂര്‍ണമായി പാലിക്കപ്പെട്ടില്ല എന്നാണ് പൊതുവെയുള്ള പരാതി.
മുന്‍ഗണനാ പട്ടിക പരസ്യപ്പെടുത്തിയില്ലെങ്കില്‍ സ്വാധീനങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.തൊഴില്‍ നഷ്ടപ്പെട്ടു എന്ന് തെറ്റിദ്ധരിപ്പിച്ച് അവസരം തേടിയവരും ഉണ്ട്. മുന്‍ഗണനാ പട്ടികയുടെ സുതാര്യത ഉറപ്പാക്കാന്‍ ശക്തമായ സമ്മര്‍ദം തന്നെ വേണ്ടിവരുമെന്നാണ് പ്രവാസി കൂട്ടായ്മകളുടെ നിലപാട്. ഒരു എംപിയുടെ സ്വാധീനത്തില്‍ തനിക്ക് സീറ്റ് നാട്ടിലേയ്ക്ക് പോകാന്‍ അവസരം ലഭിച്ചതായി പ്രവാസി യുവാവ് കമ്പനി അധികൃതരോട് വെളിപ്പെടുത്തിയകാര്യവും ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
