രാജ്യത്ത് പതിറ്റാണ്ടുകളോളം നിയമ തർക്കത്തിനും കലാപങ്ങൾക്കും കാരണമായ രാമജന്മഭൂമി സംബന്ധിച്ച് പുതിയ അവകാശവാദവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രംഗത്ത്. രാമൻ നേപ്പാൾ സ്വദേശിയായിരുന്നുവെന്നാണ് ഒലിയുടെ വാദം.
ശ്രീരാമൻ നേപ്പാൾ സ്വദേശിയായിരുന്നു, യഥാർഥ അയോധ്യ നേപ്പാളിലാണ്- ഒലി അവകാശപ്പെട്ടു. ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പുറത്തിറക്കിയതിനു പിന്നാലെയാണ് ഒലിയുടെ വിവാദ പ്രസ്താവന. നേപ്പാളിൻ്റെ സംസ്കാരം ഇന്ത്യ പിടിച്ചെടുത്തുവെന്നും അടിച്ചമർത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.
കാഠ്മണ്ഡുവിൽ നിന്നും 135 കിലോമീറ്റർ സഞ്ചരിച്ചാലെത്തുന്ന ബിർഗുഞ്ചിനടുത്താണ് ഹിന്ദുമത വിശ്വാസ പ്രകാരമുള്ള അയോധ്യ. ഔദ്യോഗിക വസതിയിൽ നടന്ന പരിപാടിയിലാണ് നേപ്പാൾ പ്രധാനമന്ത്രി ഇക്കാര്യം വിശദമാക്കിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശ്രീരാമന് സീതയെ നൽകിയത് നേപ്പാളാണ്. വസ്തുതകൾ അപഹരിക്കപ്പെട്ടെന്നും അടിച്ചമർത്തപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്ര മേഖലയിൽ നേപ്പാളിന്റെ സംഭാവനകളെ ഇന്ത്യ വിലകുറച്ചു കാണുകയാണെന്നും ഒലി ആരോപിച്ചു.
