അയോധ്യയിൽ ബാബറി മസ്ജിദ് നിലനിന്ന ഭൂമി സുപ്രീം കോടതി രാമക്ഷേത്രം നിർമ്മിക്കുന്നതിനായി വിട്ടുനൽകിയിരുന്നു. അടുത്തമാസം ക്ഷേത്രത്തിൻ്റെ നിർമ്മാണം ആരംഭിക്കാനാണ് ക്ഷേത്ര ട്രസ്റ്റിൻ്റെ തീരുമാനം. എന്നാൽ ഇതിനെതിരെ വിവിധ മേഖലകളിൽ നിന്നും വിമർശനം ഉയരുകയാണ്.
കോവിഡ് കാലത്തെ നിർമ്മാണ പ്രവൃത്തിക്കെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് എൻസിപി നേതാവ് ശരദ് പവാർ. രാമക്ഷേത്രം കൊറോണ ഭേദമാക്കുമെന്ന് ചിലർ കരുതുന്നെന്നാണ് ശരദ് പവാർ പരിഹസിച്ചത്. ഈ ഒരു ചിന്തയിലാണ് ഇവര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍ ആലോചിക്കുന്നത് എന്നാണ് തോന്നുന്നത്- പവാര്‍ പറഞ്ഞു.
രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. കൊറോണ വ്യാപനം അതിവേഗം നടക്കുന്നു. ജനങ്ങളുടെ സുരക്ഷ സുപ്രധാനമായ വിഷയമാണ്. എന്നാല്‍ ഇതിനെല്ലാം ഇടയിലാണ് രാമക്ഷേത്ര നിര്‍മാണം പ്രധാന അജണ്ടയായി ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും കൊണ്ടുവരുന്നതെന്നും പവാര്‍ സൂചിപ്പിച്ചു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം അടുത്ത മാസം തുടങ്ങും. ആഗസ്റ്റ് അഞ്ചിന് തറക്കല്ലിടല്‍ നടക്കുമെന്നാണ് സൂചന. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ട്. മോദി പങ്കെടുക്കുമെന്നാണ് രാമജന്മ ഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രതീക്ഷയെന്ന് ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.
