അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ശിലാസ്ഥാപനം ഓഗസ്റ്റ് ആദ്യവാരം നടക്കുമെന്നാണ് റിപ്പോർട്ട്. ക്ഷേത്ര നിർമാണ കാര്യങ്ങൾ ചർച്ച ചെയ്യാനായി അയോധ്യയിൽ ശനിയാഴ്ച ചേർന്ന ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിലാണ് ഭൂമി പൂജയും ശിലാസ്ഥാപനവും ഓഗസ്റ്റിൽ നടത്താൻ തീരുമാനിച്ചത്.
രാമക്ഷേത്രം കോവിഡിനെ ഇല്ലാതാക്കുമെന്ന് കരുതിയാകും മഹാമാരിക്കാലത്ത് ക്ഷേത്ര നിർമ്മാണത്തിൽ അമിത ശ്രദ്ധകൊടുക്കുന്നതെന്ന് കഴിഞ്ഞ ദിവസം എൻസിപി നേതാവ് ശരദ് പവാർ പരിഹസിച്ചിരുന്നു. എന്നാൽ ഈ പരിഹാസം ഇപ്പോൾ ബിജെപി നേതാക്കളുടെ വിശ്വാസമായി മാറിയിരിക്കുകയാണ്.
രാമക്ഷേത്ര നിർമ്മാണം രാജ്യത്ത് നിന്നും കോവിഡ് ഒഴിഞ്ഞുപോകാൻ കാരണമാകുമെന്നാണ് മധ്യപ്രദേശിലെ ബിജെപി നേതാവ് രാമേശ്വർ ശർമ്മ പറയുന്നത്. മധ്യപ്രദേശ് അസംബ്ലിയിലെ പ്രോടേം സ്പീക്കർ കൂടിയാണ് രാമേശ്വർ ശർമ്മ.
രാജ്യത്ത് നിന്ന് മാത്രമല്ല ലോകത്ത് നിന്നുതന്നെ കോവിഡ് ഒഴിഞ്ഞുപോകാൻ രാമക്ഷേത്ര നിർമ്മാണം നിമിത്തമാകുമെന്നും ബിജെപി നേതാവ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം നമ്മുടെ ആരാധ്യരായ ദേവന്മാരെയും നമ്മൾ ഓർക്കണമെന്നും രാമേശ്വർ ശർമ്മ കൂട്ടിച്ചേർത്തു.
