രാണ്ടാമതും പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍; ഭാര്യയെകൊല്ലാന്‍ ഭര്‍ത്താവ് കൊണ്ടുവന്നതോ കരിമൂര്‍ഖനെ

പാബുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് കിടപ്പുമുറിയില്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍. മെയ് ഏഴിന് ഏറം വിഷു (വെള്ളാശേരില്‍) വീട്ടിലെ കിടപ്പുമുറിയില്‍ ഉത്ര (25) മരിക്കാനിടയായതിനെക്കുറിച്ചാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. മകളെ ഭര്‍ത്താവ് സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണോയെന്ന് സംശയിക്കുന്നതായി ഉത്രയുടെ അമ്മ മണിമേഖലയും അച്ഛന്‍ വിജയസേനനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്കും അഞ്ചല്‍ സിഐ ക്കും പരാതി നല്‍കി.

ഭര്‍ത്താവ് സൂരജിനൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ഉത്ര. അടുത്തദിവസം രാവിലെ അമ്മ ചായയുമായി ചെന്ന് വിളിച്ചപ്പോള്‍ മകള്‍ ചലനമില്ലാതെ കിടക്കുകയായിരുന്നു. ഉടന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാമ്പുകടിയേറ്റു മരിച്ചതായാണ് അറിയിച്ചത്. പിന്നീട് മുറി പരിശോധിച്ചപ്പോള്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.

മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഉത്രക്ക് അണലികടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയിലായതിനാലാണ് ഉത്ര സ്വന്തം വീട്ടില്‍ വന്നത്. രണ്ടാംതവണ പാമ്പുകടിയേല്‍ക്കുമ്പോള്‍ എസി മുറിയിലായിരുന്നു കിടന്നത്. രണ്ടുവര്‍ഷം മുമ്പാണ് സൂരജ് ഉത്രയെ വിവാഹം കഴിച്ചത്. ഒരു വയസ്സുള്ള മകനുണ്ട്. വിവാഹത്തിനുശേഷം ഭര്‍ത്താവും വീട്ടുകാരും പണത്തിനായി ഉത്രയെയും വീട്ടുകാരെയും ശല്യം ചെയ്തിരുന്നു.

മകളെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കാന്‍ ആലോചിച്ചിരിക്കെയാണ് ആദ്യതവണത്തെ പാമ്പുകടി. മുമ്പ് ഭര്‍ത്താവ് വീടിന്റെ മുകള്‍നിലയില്‍നിന്ന് മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ഉത്രയെ പറഞ്ഞുവിട്ടപ്പോള്‍ ചവിട്ടുപടിയില്‍ പാമ്പിനെക്കണ്ട് ഉത്ര ബഹളം വച്ചതായും സൂരജ് വടികൊണ്ട് പാമ്പിനെ ചാക്കിലാക്കിയതായും പറയുന്നു.

ആദ്യം പാമ്പുകടിയേറ്റ ദിവസം കാലില്‍ വേദന തോന്നുന്നതായി ഉത്ര പറഞ്ഞപ്പോള്‍ സൂരജ് പെയിന്‍ കില്ലര്‍ കൊടുത്ത് കിടന്നുറങ്ങാന്‍ പറയുകയായിരുന്നുവത്രെ. പിന്നീട് ബോധം നശിച്ചപ്പോള്‍ മാത്രമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ആശുപത്രിയില്‍ പരിചരിക്കുന്നതില്‍നിന്ന് അച്ഛനമ്മമാരെ സൂരജ് വിലക്കുകയുംചെയ്തു.

മൂന്നു മാസത്തിനിടെ രണ്ടാം വട്ടമാണ് ഉത്രയെ പാമ്പ് കടിക്കുന്നത്. ഉറക്കത്തില്‍ തന്നെയായതിനാല്‍ കടിയേറ്റതറിഞ്ഞില്ല. തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. പാമ്പ് കടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ എത്തിയതായിരുന്നു ഉത്ര. രാത്രി ഉറങ്ങാന്‍ കിടന്ന ഉത്ര പിന്നെ എഴുന്നേറ്റതേയില്ല. പിറ്റേന്ന് രാവിലെ അമ്മ ചായയുമായി എത്തി ഉത്രയെ കുലുക്കിവിളിക്കുമ്പോള്‍ അനക്കമില്ലായിരുന്നു. ഉടന്‍ തന്നെ അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരിച്ചതായി വീട്ടുകാര്‍ അറിഞ്ഞത്. മരണം പാമ്പ് കടിയേറ്റാണെന്ന് ആശുപത്രി അധികൃതര്‍ മാതാപിതാക്കളോട് പറഞ്ഞു.

പക്ഷെ പാമ്പ് കടിച്ചത് മൂന്നു മാസം മുന്‍പാണെന്നും അതിനുള്ള ചികിത്സയില്‍ തുടരുകയായിരുന്നു എന്നും വീട്ടുകാര്‍ പറഞ്ഞു. ഇതോടെ വീണ്ടും വിശദമായി പരിശോധിച്ച ആശുപത്രി അധികൃതര്‍ മരണം പാമ്പ് കടിയേ തുടര്‍ന്നു തന്നെയെന്നു ഉറപ്പിക്കുകയായിരുന്നു. ഉത്രയുടെ കയ്യില്‍ പാമ്പ് കടിയേറ്റ പാടുണ്ടായിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു എത്തിച്ചപ്പോഴും മരണം പാമ്പ് കടിയേറ്റതു മൂലമാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതരും വ്യക്തമാക്കി. തുടര്‍ന്നു വീട്ടില്‍ വന്നു പരിശോധിച്ചപ്പോള്‍ ഉത്ര കിടന്നിരുന്ന മുറിയില്‍ കരിമൂര്‍ഖനെ കണ്ടെത്തുകയായിരുന്നു.

സാധാരണ സൂരജ് എത്തിയാല്‍ വീടിന്റെ മുകള്‍നിലയിലാണ് ഉറങ്ങാറുള്ളത്. സംഭവദിവസം ഇരുവരും ഒരേമുറിയിലാണ് കിടന്നത്. ഒരേ മുറിയില്‍ കഴിഞ്ഞിട്ടും പാമ്പുകടിച്ചാണ് മരിച്ചതെങ്കില്‍ ഭര്‍ത്താവ് എന്തുകൊണ്ട് അറിഞ്ഞില്ല എന്നതും സംശയകരമാണ് – അച്ഛനമ്മമാര്‍ പറഞ്ഞു.

കൊലപാതകത്തിലേക്കാണ് സംശയം നീങ്ങുന്നതെങ്കില്‍ വിഷപാമ്പിനെ വീട്ടിലെത്തിച്ച് ഭാര്യയെ കൊല്ലാനുള്ള അതിക്രിമിനല്‍ ബുദ്ധിയാണ് ഭര്‍ത്താവ് കാണിച്ചിരിക്കുന്നത്.

Vinkmag ad

Read Previous

പശ്ചിമബംഗാളിലും ഒഡീഷയിലും ആഞ്ഞടിച്ച് ഉംപുന്‍ ചുഴലിക്കാറ്റ്; അഞ്ച് പേര്‍ മരിച്ചു, അയ്യായിരത്തോളം വീടുകള്‍ തകര്‍ന്നു.

Read Next

മധ്യപ്രദേശിൽ പ്രശാന്ത് കിഷോർ ഇറങ്ങുന്നു; കോൺഗ്രസ് പാളയത്തിൽ ആത്മവിശ്വാസം

Leave a Reply

Most Popular