കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് ബിജെപി അധികാരം പിടിച്ചെങ്കിലും മധ്യപ്രദേശിൽ അമിത് ഷായുടെ തന്ത്രങ്ങളെ കവച്ച് വയ്ക്കുന്ന നടപടികളിലൂടെ മുന്നേറുകയാണ് മുൻമുഖ്യമന്ത്രി കമൽനാഥ്.
കോൺഗ്രസിൽ നിന്നും രാജിവച്ച 22 എംഎൽഎമാരുടേതടക്കം 24 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇരുപാർട്ടികൾക്കും വലിയ വെല്ലുവിളിയാണ് ഉപതെരഞ്ഞെടുപ്പ്. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം പാർട്ടി വിട്ടവർ തന്നെയായിരിക്കും അവരുടെ സീറ്റുകളിൽ മത്സരിക്കുന്നത്.
ജനങ്ങളെ വഞ്ചിച്ച് പാർട്ടിവിട്ട് അധികാരത്തിൻ്റെയും പണത്തിൻ്റെയും പിന്നാലെ പോയവരെ വിജയിപ്പിച്ചെടുക്കാനാകും എന്ന് തന്നെയാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. പിൻബലമായി കർണാടകയിലെ വിജയത്തിൻ്റെ ചരിത്രവും ബിജെപിക്കൊപ്പമുണ്ട്.
അതിനിടെ തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ് ഗുണ എംഎല്‍എ ജാദവ് ഗോപിലാല്‍. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനാണ് ജാദവ് വോട്ട് ചെയ്തത്. ഇത് ബിജെപിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ജയിക്കാന്‍ കോൺഗ്രസ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ വന്‍ തന്ത്രങ്ങള്‍ ഒരുക്കുന്ന സമയത്ത് കോൺഗ്രസ് പാളയത്തിലേക്ക് ബിജെപിയിൽ നിന്നും കാലുമാറ്റം ഉണ്ടാകുമോ എന്ന സംശയത്തിലാണ് ബിജെപി. ബിജെപിയെ തറപറ്റിക്കാൻ എന്തിനും തയ്യാറായി നിൽക്കുകയാണ് കമൽനാഥ്.
