രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നത് 303 സീറ്റുകളുടെ കൂറ്റന്‍ വിജയത്തോടെയാണ്. എന്നാല്‍ ലോക്‌സഭയിലുളളത് പോലുള്ള മൃഗീയ ഭൂരിപക്ഷം ബിജെപിക്ക് രാജ്യസഭയില്‍ ഇല്ല. മുത്തലാഖ് ബില്ലും, പൗരത്വ ഭേദഗതി ബില്ലും അടക്കമുളളവ മറ്റ് കക്ഷികളുടെ പിന്തുണയോടെയാണ് ബിജെപി രാജ്യസഭയിൽ പാസ്സാക്കിയെടുത്തത്.
ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ബിജെപിക്ക് രാജ്യസഭയിലും ഭൂരിപക്ഷം നേടുക എന്നത് പ്രധാന ലക്ഷ്യമാണ്. എന്നാല്‍ മാര്‍ച്ചിന് ശേഷം ബിജെപിയുടെ അംഗബലം രാജ്യസഭയില്‍ കുറയാനാണ് സാധ്യത. മാത്രമല്ല 2022ന് ശേഷം ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലിലുമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാര്‍ച്ച് 26ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 17 സംസ്ഥാനങ്ങളിലെ 55 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 5 പേര്‍ രാജി വെക്കുകയും 51 അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. ബിജെപിക്ക് മൂന്ന് സീറ്റുകളാണ് ഈ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുക. ഇതോടെ ബിജെപിയുടെ അംഗബലം 82ല്‍ നിന്ന് 79 ആയി കുറയും.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 55 സീറ്റുകളില്‍ 15 എണ്ണം മാത്രമാണ് ബിജെപിയുടേത്. അതില്‍ 12 എണ്ണത്തിലേ ബിജെപിക്ക് വിജയിക്കാനാവൂ. കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്ത രാജസ്ഥാനിലും മധ്യ പ്രദേശിലും ബിജെപിക്ക് ഓരോ സീറ്റുകള്‍ വീതം നഷ്ടപ്പെടും. ബീഹാറിലെ ഒരു സീറ്റും ബിജെപിക്ക് നഷ്ടമാവും. എന്നാൽ ഈ മൂന്ന് സീറ്റുകളുടെ കുറവ് ബിജെപിയെ രാജ്യസഭയില്‍ കാര്യമായി ബാധിക്കാനിടയില്ല. എന്‍ഡിഎ സഖ്യകക്ഷികളുടെ സീറ്റുകള്‍ കൂടി ചേരുമ്പോള്‍ രാജ്യസഭയില്‍ ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ടാകും. എന്ന് മാത്രമല്ല 4 സ്വതന്ത്ര അംഗങ്ങളുടേയും മൂന്ന് നോമിനേറ്റഡ് എംപിമാരുടേയും പിന്തുണയും ബിജെപിക്കാണ്.
നിര്‍ണായക ബില്ലുകള്‍ വരുമ്പോള്‍ പ്രതിപക്ഷത്തുളള വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, ബിജെഡി പോലുളള പാര്‍ട്ടികള്‍ കൂടെ നിന്നാല്‍ ബിജെപിക്ക് 125 എന്ന സുരക്ഷിതമായ നിലയിലെത്താം. തിരഞ്ഞെടുപ്പ് നടക്കുന്ന 55 സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ കയ്യിലുളളത് 11 എണ്ണമാണ്. ഇത് 9 ആയി കുറയും. ബിജെപി ഭരിക്കുന്ന ഹരിയാനയിലേയും ഹിമാചല്‍ പ്രദേശിലേയും സീറ്റുകളാണ് കോണ്‍ഗ്രസിന് നഷ്ടപ്പെടുക.
2022ന് ശേഷമാണ് ബിജെപിക്ക് ആശങ്കപ്പെടാനുളള സാഹചര്യമുണ്ടാവുക. കാരണം ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക 2022ലാണ്. മാർച്ചില്‍ മൂന്ന് സീറ്റുകളിലുണ്ടായ നഷ്ടം ജൂണിലും നവംബറിലും ബിജെപി തിരിച്ച് പിടിക്കും. ഉത്തര്‍ പ്രദേശിലെ പത്ത് സീറ്റുകളിലേക്കും കര്‍ണാടകത്തിലെ 4 സീറ്റുകളിലേക്കുമാണ് ഈ മാസങ്ങളില്‍ തിരഞ്ഞെടുപ്പ്.
യുപിയില്ലെ പത്തില്‍ അഞ്ച് സീറ്റും ബിജെപിക്ക് ലഭിക്കും. കര്‍ണാടകത്തില്‍ നാലില്‍ ഒരു സീറ്റും ലഭിക്കും. ഇതോടെ ഈ വര്‍ഷം അവസാനത്തോടെ രാജ്യസഭയിലെ അംഗബലം 85 ആയി ഉയരും. 2021 ല്‍ 11 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. കേരളത്തിലെ മൂന്ന്, പുതുച്ചേരിയിലെ ഒന്ന്, ജമ്മു കശ്മീരിലെ നാല് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. എന്നാല്‍ ഇത് രാജ്യസഭയിലെ സമവാക്യങ്ങളില്‍ കാര്യമായി പ്രതിഫലിക്കില്ല.
എന്നാല്‍ 2022ന് ശേഷമാണ് രാജ്യസഭയില്‍ ബിജെപിക്ക് വലിയ വെല്ലുവിളി ഉയരാന്‍ പോകുന്നത് എന്നാണ് വിലയിരുത്തല്‍. 68 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ആസാം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, തമിഴ് നാട്, ഉത്തരാഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷത്തിനുളളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നേറ്റമുണ്ടാക്കുകയാണെങ്കില്‍ ബിജെപിയുടെ നില രാജ്യസഭയില്‍ പരുങ്ങലിലാകും.
ഏതായാലും രാജ്യം മൊത്തം അടിപതറിയിരിക്കുന്ന ബിജെപിക്ക് ഇനി രാജ്യസഭയിലും കൂടി അടിതെറ്റിയാൽ അത് ബിജെപിക്കേൽക്കുന്ന പ്രഹരം തന്നെയായിരിക്കും. ബിജെപിയുടെ ആവനാഴിയിലെ ഓരോ ബില്ലും നിയമമാക്കാൻ അവർക്ക് സാധിക്കാതെ വരുമോ എന്ന ഭയം ബിജെപിയെ വേട്ടയാടുകയും ചെയ്യും.
