രാജ്യത്തെ കോവിഡ് വ്യാപനം കുത്തനെ ഉയരുന്നു. 8,49,553 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 28,637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. 24 മണിക്കൂറിൽ 551 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ, കൊവിഡ് മരണ സംഖ്യ 22,674 ആയി ഉയര്‍ന്നു. നിലവിൽ ചികിത്സയിൽ 292258 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ പശ്ചാത്തലത്തിൽ ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാനങ്ങൾ. മേഘാലയയിൽ ഈമാസം 13, 14 തിയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാഗാലാൻഡിൽ ഈമാസം 31 വരെ ലോക്ക്ഡൗൺ നീട്ടി. ബെംഗളൂരുവിൽ ഈമാസം 14 മുതൽ 23 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിൽ ജൂലൈ 20 വരെ ലോക്ക്ഡൗൺ നീട്ടി.
ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ എണ്ണായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. അസമിൽ ഗുവാഹത്തി സെൻട്രൽ ജയിലിലെ 55 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും ഭാര്യയുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
തമിഴ്നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 134,226ഉം മരണം 1898ഉം ആയി. 24 മണിക്കൂറിനിടെ 69 മരണവും 3965 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ ആകെ കൊവിഡ് കേസുകൾ 76,158 ആയി. ഡൽഹിയിൽ പ്രതിദിന കേസുകളിൽ നേരിയ കുറവ് വന്നത് ആശ്വാസമായി. 1781 പുതിയ കേസുകളും 34 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 110,921ഉം മരണം 3334ഉം ആയി.
ഗുജറാത്തിൽ 872 പുതിയ കേസുകളും 10 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതർ 41,027ഉം മരണം 2034ഉം ആയി. കർണാടകയിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 70 മരണവും 2798 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതിൽ 1533ഉം ബെംഗളൂരുവിലാണ്. ആന്ധ്രയിൽ 1813ഉം, ഉത്തർപ്രദേശിൽ 1403ഉം, പശ്ചിമ ബംഗാളിൽ 1344ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
