ലോകത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. രോഗികളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് രണ്ടാം സ്ഥാനത്തേയ്ക്ക് അടുത്ത ദിവസം തന്നെ രാജ്യം എത്തുന്ന തരത്തിലാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,883 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 38,53,407 ആയി. നാൽപ്പത് ലക്ഷമാണ് ബ്രസീലിലെ കോവിഡ് രോഗികളുടെ എണ്ണം. ദിനം പ്രതി നാൽപ്പതിനായിരത്തിനടുത്ത് ആൾക്കാരാണ് ബ്രസീലിൽ ഉണ്ടാകുന്നത്.
ഒറ്റ ദിവസത്തിനിടെ 1,043 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 67,376. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 8,15,538 പേർ ചികിത്സയിലാണ്. ഇതുവരെ 29,70,493 പേർ രോഗമുക്തരായി. സെപ്റ്റംബര്‍ രണ്ടുവരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 4,55,09,380 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.
