കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ കുറച്ച് ഭേദപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോഴും രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ്. 24 മണിക്കൂറിനിടെ 47,704 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്.
654 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. 14.83 ലക്ഷം പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 14,83,157 ആയി ഉയർന്നു. 33,425 മരണങ്ങളാണ് രാജ്യത്തുണ്ടായത്.
2.25 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവിൽ 4,96,988 പേരാണ് ചികിത്സയിലുള്ളത്. 9,52,744 പേർ രോഗമുക്തരായി. 64.24 ശതമാനമാണ് രോഗമുക്തി നിരക്ക്. അഞ്ച് ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് തുടർച്ചയായ ദിവസങ്ങളിലും രാജ്യത്ത് നടത്തിയത്. ഇന്നലെ മാത്രം 5,28,000 സാമ്പിളുകൾ രാജ്യമൊട്ടാകെ പരിശോധിച്ചുവെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ലോകത്ത് ഏറ്റവും വേഗതയിൽ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ആകെ രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണെങ്കിലും വൈറസ് വ്യാപനത്തിൻ്റെ കാര്യത്തിൽ രാജ്യത്ത് കഴിഞ്ഞ ആഴ്ചയെക്കാൾ 20 ശതമാനം വളർച്ചയാണ് ഉണ്ടായത്. ആശങ്കപ്പെടുത്തുന്ന അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്.
മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 3,83,723 ആയി. സംസ്ഥാനത്ത് ആകെ 13,883 പേർ രോഗം ബാധിച്ച് മരിച്ചു. തമിഴ്നാട്ടിൽ 2,20,716 കേസുകളും 3,571 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ഇതുവരെ 1,31,219 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണം 3,853.
അതേസമയം, ആന്ധ്രാപ്രദേശും കർണാടകയും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗബാധിതർ ഒരു ലക്ഷം കടന്നു. ആന്ധ്രാപ്രദേശിൽ 1,02,349 പേർക്കും കർണാടകയിൽ 1,01,465 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബംഗാളിൽ 60,830 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഉത്തർപ്രദേശിൽ രോഗികളുടെ എണ്ണം 70,493 ആയി.
