രാജ്യത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല: ആകെ മരണം 20,642 ആയി ഉയര്‍ന്നു; രോഗബാധിതരുടെ എണ്ണം 7.42 ലക്ഷമായി

ഇന്ത്യയിൽ കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ മരണ നിരക്കും ഉയരുന്നു. രാജ്യത്ത് ആകെ മരണം 20,642 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 22,752 പുതിയ പോസിറ്റീവ് കേസുകളും 482 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 7.42 ലക്ഷം ആയി.

രാജ്യത്തെ രോഗമുക്തി നിരക്ക് 61.53 ശതമാനമായി ഉയര്‍ന്നത് ആശ്വാസമാകുന്നുണ്ട്. 24 മണിക്കൂറിനിടെ 16,883 പേരാണ് രോഗമുക്തരായത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 4,56,830 ആയി. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 2,64,944 പേരാണ്.

പുതിയ കേസുകളുടെ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നത് നാല് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ അയ്യായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  തമിഴ്‌നാട്ടില്‍ 3616, ഡല്‍ഹിയില്‍ 2008, തെലുങ്കാനയില്‍ 1879 കേസുകളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയില്‍ ഉറവിടം കണ്ടെത്താനാകാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്തെ കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 1,04,73,771 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 262,679 സാമ്പിളുകളാണ് പരിശോധിച്ചത്.

Vinkmag ad

Read Previous

സ്വർണ്ണക്കടത്തിൽ യുഎഇ അന്വേഷണം ആരംഭിച്ചു; കോൺസുലേറ്റിലേയ്ക്ക് പാർസൽ അയച്ചതാരെന്ന് കണ്ടെത്തും

Read Next

ബാഗേജ് വിട്ടുകിട്ടാനായി വിളിച്ചത് ബിഎംഎസ് നേതാവ്; എർണാകുളത്തെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

Leave a Reply

Most Popular