ജസ്റ്റിസ് ലോയ മരണക്കേസ് ഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നതിന് കാരണമെന്താണ്? ഗുജറാത്ത് കലാപത്തിന് കുട പിടിച്ചവര്‍ ഇന്ന് രാജ്യഭരണം കയ്യാളുന്നവരായി തീര്‍ന്നത് എങ്ങനെയാണ്? ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുന്ന ഇവിഎം തിരിമറിയടക്കം നടത്തിയവര്‍ രണ്ടാംവട്ടവും ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടു ത്തതെങ്ങനെയാണ്?
ഭരണഘടനാ മൂല്യങ്ങളെ തട്ടിത്തെറിപ്പിക്കുന്ന തരത്തിലുള്ള ജനദ്രോഹപരമായ പൊളിച്ചെഴുത്തും നിയമഭേദഗതികളും കൊണ്ടു വന്നിട്ടും രാജ്യത്തിനകത്തു നിന്നു മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ തന്നെ രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും അതിനൊന്നും പുല്ലുവില കല്‍പ്പിക്കാതെ രാജ്യത്തെ കുട്ടിച്ചോറാക്കിയെ അടങ്ങൂവെന്ന് ഉറപ്പിച്ച് മുന്നോട്ട് നീങ്ങാനുള്ള ധൈര്യം ഇവിടുത്തെ സര്‍ക്കാരിനുണ്ടായതെങ്ങനെയാണ്?
ഈ ചോദ്യങ്ങള്‍ക്കെല്ലാം വെറും മൂന്നക്ഷരങ്ങള്‍ മാത്രമുള്ള ഒരൊറ്റയുത്തരമേയുള്ളൂ, ആര്‍എസ്എസ്. ഇന്ന് രാജ്യത്തിന്റെ അധികാരകേന്ദ്രത്തെ നിയന്ത്രിക്കുന്നത് ആര്‍എസ്എസാണ്. ജനാധിപത്യത്തെ തകര്‍ക്കുന്നത്, വര്‍ഗീയ കലാപത്തിലേക്ക് രാജ്യത്തെ നയിക്കുന്നത്, കൊലവിളി രാഷ്ട്രീയത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കി, സര്‍ക്കാരിനെ തങ്ങളുടെ അജണ്ടകള്‍ക്കുള്ള വളമാക്കി മാറ്റുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെയാണ് ഒരു സംഘടന അതും ആഗോള തലത്തില്‍ തീവ്രവാദ സംഘടനയാക്കി പ്രഖ്യാപിക്കണമെന്ന വാദങ്ങള്‍ ഉയരുന്ന ഒരു സംഘടന അവര്‍ക്ക് വളര്‍ന്ന് പന്തലിക്കാനുള്ള നിലമാക്കി തീര്‍ക്കുന്നത്. തീര്‍ത്തും അരക്ഷിതമായ ഒരവസ്ഥയിലേക്കാണ് രാജ്യം എത്തി നില്‍ക്കുന്നത്. ഭീതിയോടെ ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങള്‍ക്ക് ജീവിക്കേണ്ടി വരുന്നു എന്നത് ഏറ്റവും വലിയ അപകടമാണ്.
ഒന്നും കാണരുത്, ഒന്നും കേള്‍ക്കരുത്, എന്തെങ്കിലും കണ്ടാലും കേട്ടാലും ഒന്നും മിണ്ടരുത്. ഇതാണ് ഇവിടുത്തെ കേന്ദ്രസര്‍ക്കാരിന്റെ, സംഘപരിവാര്‍ സര്‍ക്കാരിന്റെ നയം. അപ്രഖ്യാപിത അടിയന്തരവസ്ഥ, അടിച്ചമര്‍ത്തല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്ക്. ഇതിന്റെയെല്ലാം കാരണം വളരെ വ്യക്തമാണ്, മലായാളത്തിലെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും വിലക്കാനും വിലയ്‌ക്കെടുക്കാനും സര്‍ക്കാര്‍ ശ്രമിച്ചു നടന്നില്ല. അപ്പോള്‍ അടിച്ചമര്‍ത്തി പ്രതികരിക്കുന്നവരുടെ വായടപ്പിക്കാനുള്ള കുതന്ത്രം നടപ്പിലാക്കുന്നു.
പക്ഷേ സ്വദേശാഭിമാനിയുടെ മണ്ണില്‍ വന്ന് മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കെന്നൊക്കെ പറഞ്ഞാല്‍ സര്‍ക്കാരിന് അതിനുള്ള മറുപടി നല്ല കനത്തില്‍ തന്നെ മീഡിയാവണ്‍ ചാനല്‍ നല്‍കിയതു പോലെ തിരിച്ചു കിട്ടും. ഇന്നലെ രാത്രി പെട്ടെന്നൊരു തോന്നലില്‍ രണ്ട് ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നില്ല കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. തക്കം പാര്‍ത്തിരുന്ന് അവര്‍ കാലേക്കൂട്ടി നിശ്ചയിച്ച ചിലത് നടപ്പിലാക്കുകയായിരുന്നു. ഡല്‍ഹി കലാപം ആസൂത്രണം ചെയ്തത് പോലെ തന്നെ.ഈ ഒരു സംഭവത്തോട് വേറെ ചിലത് കൂടി കൂട്ടിവായിക്കേണ്ടതായുണ്ട്. ഡല്‍ഹി കലാപം അന്വേഷിക്കണം എന്നു പറഞ്ഞ ജസ്റ്റിസിന് രായ്ക്കു രാമാനം സ്ഥലം മാറ്റം. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞ എംപിമാര്‍ക്ക് കൂട്ടത്തോടെ സസ്പെന്‍ഷന്‍. പിന്നാലെ ഡല്‍ഹി കലാപ വാര്‍ത്ത കൃത്യമായി ജനങ്ങളിലെത്തിച്ച മലയാളത്തിലെ മാധ്യമസ്ഥാപനങ്ങളായ മീഡിയാ വന്നിനും ഏഷ്യാനെറ്റിനും സംപ്രേക്ഷണ വിലക്ക്. സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് വിലങ്ങു തടിയായി, വഴി മുടക്കികളായി നില്‍ക്കുന്നവരെ ഒന്നിനു പിറകേയൊന്നായി വിലക്കുകള്‍ കല്‍പ്പിച്ച്, അടിച്ചമര്‍ത്തി ഇല്ലായ്മ ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് വ്യക്തമാണ്.
48 മണിക്കൂര്‍ സംപ്രേക്ഷണ വിലക്കാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രായലം മീഡിയ വണ്ണിനും ഏഷ്യാനെറ്റിനും പ്രഖ്യാപിച്ചത്. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് കൃത്യമായി തന്നെ ചെയ്തതിലെ കേന്ദ്രത്തിന്റെ ചൊരുക്കാണ് ഇതില്‍ നിന്ന് വ്യക്തമായത്. While reporting such critical incident, the channel (Asianet News TV) should have taken utmost care and should have reported in a balanced way എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ എഴുതി വെച്ചിരിക്കുന്ന ചാനലിനെതിരായ കുറ്റം. ബാലന്‍സ് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യണമായിരുന്നുവെന്ന്, കരുതലും ഉത്തരവാദിത്തവും ചാനല്‍ കാണിക്കേണ്ടിയിരുന്നുവെന്ന്, മതം ചോദിച്ചു കൊണ്ട് ആളുകളെ കലാപകാരികള്‍ ആക്രമിച്ചുവെന്നും മരണസംഖ്യ ഉയര്‍ന്നെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന്.
നൂറു കണക്കിന് കടകളും വീടുകളും വാഹനങ്ങളും കലാപകാരികള്‍ കത്തിച്ചുവെന്നും പൊലീസ് നിശ്ശബ്ദ കാണിയായി നിന്നുവെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞവെന്ന് പരിക്കേറ്റവരുടെ എണ്ണം വരെ പറഞ്ഞെന്ന്. ജാഫറാബാദിലും മൗജ്പൂരിലും പള്ളികള്‍ കത്തിച്ചപ്പോള്‍ പൊലീസ് നിശ്ശബ്ദരായിരുന്നുവെന്ന് ഏഷ്യാനെറ്റ് കറസ്‌പോണ്ടന്റ് ആയ പി.ആര്‍ സുനില്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന് റിപ്പോര്‍ട്ടറുടെ പേരെടുത്ത് പറഞ്ഞാണ് ചാനല്‍ ചെയ്ത കുറ്റം കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
മീഡിയാ വണ്ണിന്റെ ‘കുറ്റം’ ഇതാണ്, Channels reporting on Delhi violence seems to be biased as it is deliberately focusing on the vandalism of CAA supporters. It also questions RSS and alleges Delhi police inaction. Channel ടeems to be critical towards Delhi police and RSS.ഇത്തരത്തില്‍ ചാനലുകളുടെ കുറ്റങ്ങള്‍ അക്കമിട്ട് നിരത്തി സര്‍ക്കാര്‍ പറഞ്ഞു വയ്ക്കുമ്പോള്‍, രാജ്യം അടിയന്താവസ്ഥയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണെന്ന് തെളിയുകയാണ്.
കൊലവിളികള്‍ നടത്തിയവര്‍, തങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിവരെ കാലപുരിയിലേക്കയച്ചവര്‍, രാജ്യത്തെ വര്‍ഗീയ കലാപംകൊണ്ട് കത്തിയെരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവര്‍, തങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ, പ്രതിഷേധിക്കുന്നവരെയെല്ലാം തോക്കിന്‍ തുമ്പില്‍ നിര്‍ത്തുന്നവര്‍….. ഇവിടുത്തെ സര്‍ക്കാര്‍, അക്രമരാഷ്ട്രീയം ചോരയില്‍ അലിഞ്ഞു ചേര്‍ന്ന സംഘപരിവാര്‍ സര്‍ക്കാര്‍ കളത്തില്‍ നിറഞ്ഞാടുമ്പോള്‍ തൂലിക വാളാക്കിയ സ്വദേശാഭിമാനികള്‍ ഉയര്‍ന്നു വരിക തന്നെ വേണം,
അവര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെയെല്ലാം കവച്ചു വയ്ക്കാനുള്ള ആര്‍ജ്ജവത്തോടെ തന്നെ. എന്നിട്ട് സധൈര്യം സര്‍ക്കാരിന്റെ മുഖത്ത് നോക്കി സൈന്‍ ഇന്‍ വിളിച്ചു പറയണം നരകത്തില്‍ നിന്ന് എന്ന്. അവസാനം സൈനോഫ് പറയുന്ന ഘട്ടത്തിലെത്തുമ്പോള്‍ ഈ രാജ്യം സമാധാനത്തിന്റെ ചുവയറിഞ്ഞിരിക്കണം……
