ന്യൂഡല്‍ഹി: കടുത്ത സാമ്പത്തീക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്നതിനിടെ മൂന്ന് കോടി ജനങ്ങള്‍കൂടി ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ദേശീയ സ്ഥിതിവിവരകാര്യാലയ (എന്‍എസ്ഒ)ത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമമായ മിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യം വര്‍ധിച്ചെന്ന് കണക്കുകളില്‍ വ്യക്തമാക്കുന്നു.
2011-2012 കാലയളവില്‍ 26 ആയിരുന്ന ഗ്രാമീണ ദാരിദ്ര്യം 2017-18ല്‍ 30 ശതമാനമായി വര്‍ധിച്ചു. ഇതേ കാലയളവില്‍ നഗരദാരിദ്ര്യം അഞ്ച് ശതമാനം കുറഞ്ഞ് ഒമ്പത് ശതമാനത്തിലെത്തി. കിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് ഗ്രാമീണദാരിദ്ര്യം കുത്തനെ വര്‍ധിച്ചത്.
ബിഹാറില്‍ ?ഗ്രാമീണ ദാരിദ്ര്യം കുത്തനെ ഉയര്‍ന്നു. 2011-12ല്‍ ദാരിദ്ര്യനിരക്ക് -33.47 ശതമാനമായിരുന്നെങ്കില്‍ 2018-19 ആയപ്പോഴേക്കും- 50.47 ശതമാനത്തിലെത്തി. ജാര്‍ഖണ്ഡില്‍ 8.6 ശതമാനം വര്‍ധിച്ചു. ജാര്‍ഖണ്ഡിലെയും ഒഡിഷയിലെയും 40 ശതമാനത്തില്‍ കൂടുതല്‍ പേരും ദരിദ്രരാണ്. മഹാരാഷ്ട്രയില്‍ ദാരിദ്ര്യം അഞ്ച് ശതമാനം കൂടി. കര്‍ണാടകം ഒഴികെയുള്ള തെക്കന്‍ സംസ്ഥാനങ്ങള്‍ മികച്ച മുന്നേറ്റം നടത്തി. ദശകങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം ഉയരുന്നത്.
