രാജ്യത്തെ ഓരാ പൗരന്റേയും ചലനങ്ങള്‍ അറിയാന്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി

അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളുടെയും നൂതന സാങ്കേതിക വിദ്യയുടെയും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ ഓരോരുത്തരും ഒരു വലിയ വലയത്തിനുള്ളിലാണ്. ഇന്‍ഫര്‍മേഷന്‍ ഈസ് വെല്‍ത്ത് എന്ന് കരുതുന്ന ആര്‍ക്കെല്ലാമോ മുന്നില്‍ നമ്മള്‍ ഓരോരുത്തരുടെയും സ്വകാര്യതയും സ്വാതന്ത്ര്യവും വച്ചു നീട്ടപ്പെടുകയാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെങ്കില്‍ ഈ വക കാര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ വല്ലാത്ത താല്പര്യമാണ്. ആധാര്‍ കൊണ്ടുവന്നപ്പോള്‍ തന്നെ ഇക്കാര്യം ഇവിടുത്തെ ജനങ്ങള്‍ക്ക് മനസ്സിലായതാണല്ലോ. എന്നാലിപ്പോള്‍ ആധാറില്‍ മതിവരാതെ മറ്റൊരു സംവിധാനവുമായി മോദി എത്തുകയാണ്.

രാജ്യത്തെ പൗരന്മാരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനും പിന്തുടരാനുമുള്ള അത്യാധുനിക സംവിധാനം നരേന്ദ്രമോദി സര്‍ക്കാര്‍ തയാറാക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്തു വരുന്നത്. സാങ്കേതിക മികവാര്‍ന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച് പൗരന്മാരുടെ യാത്ര, ജോലി മാറ്റം, വസ്തു വാങ്ങല്‍, പുതിയ ജനന മരണങ്ങള്‍, വിവാഹം, ഭാര്യ/ഭര്‍തൃ ഗൃഹങ്ങളിലേക്കുള്ള താമസം മാറല്‍ തുടങ്ങി എല്ലാ മേഖലകളും ഇനി സര്‍ക്കാര്‍ നിരീക്ഷണത്തിന് കീഴില്‍ വരും എന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത് അമേരിക്കന്‍ വാര്‍ത്താ മാധ്യമമായ ഹഫിങ്ടന്‍ പോസ്റ്റാണ്. ഹഫിങ്ടന്‍ പോസ്റ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
‘നാഷണല്‍ സോഷ്യല്‍ രജിസ്ടറി’ എന്ന പേരിലാണ് പുതിയ നിരീക്ഷണ സംവിധാനം അറിയപ്പെടുന്നത്. സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് വിവരങ്ങള്‍ കാലാനുസൃതമായി സ്വമേധയാ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനമാണ് ‘നാഷണല്‍ സോഷ്യല്‍ രജിസ്ടറി’ എന്നാണ് സര്‍ക്കാര്‍ ഇതുവരെയും വാദിച്ചിരുന്നത്. എന്നാല്‍ വിവരാവകാശ രേഖകള്‍ വഴി ഇപ്പോള്‍ പുറത്തായ വിവരങ്ങള്‍ വ്യക്തമാക്കുന്നത് ഓരോ പൗരനെയും എല്ലാ അര്‍ത്ഥത്തിലും നിരീക്ഷണ വിധേയമാക്കുന്ന ആധാര്‍ ആധാരമാക്കിയുള്ള സര്‍ക്കാര്‍ സംവിധാനമാണ് ‘നാഷണല്‍ സോഷ്യല്‍ രജിസ്ടറി’ എന്ന പേരില്‍ തയാറാക്കപ്പെടുന്നത് എന്നാണ്.

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ഏറ്റവും അര്‍ഹരായ വ്യക്തികളെ നിശ്ചയിക്കാനുള്ള സംവിധാനം ആണെങ്കില്‍, സോഷ്യല്‍ രജിസ്ടറി പ്രകാരം ശേഖരിക്കപ്പെടുന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിവരങ്ങള്‍ ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2021-ഓടെ ‘സോഷ്യല്‍ രജിസ്ടറി’ പൂര്‍ണമാക്കാന്‍ വേണ്ടി വിദഗ്ദ്ധ സമിതിയെ ഇതിനോടകം നിയോഗിച്ചിട്ടുണ്ട്. ഇതിനായി പൈലറ്റ് പ്രൊജക്റ്റ് അന്തിമ ഘട്ടത്തിലാണ്. എന്നാല്‍ ഈ വിവരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
രാജ്യത്തെ ഓരോ കുടുംബങ്ങളെയും ‘ജിയോടാഗ്’ ചെയ്യണമെന്നും അതിനെ ഐ.എസ്.ആര്‍.ഓ വികസിപ്പിച്ച ‘ഭുവന്‍’ സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും 2019 ഒക്ടോബര്‍ 19 ന് നടന്ന സര്‍ക്കാര്‍ യോഗത്തില്‍ നീതി ആയോഗ് സ്‌പെഷ്യല്‍ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു എന്നും ഹഫിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതിയുടെ 2018 വിധി പ്രകാരം വ്യക്തി സ്വകാര്യത മൗലിക അവകാശമായി പ്രഖ്യാപിച്ചിരിക്കെ ഇതിനെ മറികടക്കാന്‍ ‘ആധാര്‍ നിയമത്തില്‍’ മാറ്റം വരുത്താന്‍ ഈ വിദഗ്ധ സമിതി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് പറയുന്നു. 2019 ഒക്ടോബര്‍ നാലിന് ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ആധാര്‍ ആക്ടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇത് നിലവില്‍ വരികയാണെങ്കില്‍ ആധാര്‍ നിയമത്തിലെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യമായ ഭാഗങ്ങള്‍ക്കായിരിക്കും മാറ്റം വരിക. വ്യത്യസ്ത സര്‍ക്കാര്‍ വകുപ്പുകളിലെ വിവരങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യാന്‍ ഒരു വിവര കൈമാറ്റ ചട്ടക്കൂട് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി തയാറാക്കാന്‍ ഉദ്ദേശിക്കുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി സര്‍ക്കാരും ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കി ‘വിദേശികളെ പുറത്താക്കാന്‍’ തയാറെടുക്കുന്ന ഈ സന്ദര്‍ഭത്തില്‍ ‘നാഷണല്‍ സോഷ്യല്‍ രജിസ്ടറി’ നിസാരമായി കാണേണ്ടതല്ല എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ രജിസ്ടറി തയാറാക്കപ്പെട്ടു കഴിഞ്ഞാല്‍ അല്‍ഗോരിതം പോലുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പൗരന്മാരെ തരംതിരിക്കാനും ഉപയോഗിക്കപ്പെടും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിവരാവകാശ പ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണിത്. ആധാര്‍ എന്ന കൊടുംചതി മുന്നില്‍ നില്‍ക്കെ തന്നെ, സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്കെതിരായ പ്രതിഷേധങ്ങള്‍ ഒരടി പോലും രാജ്യത്ത് പിന്നോട്ടു പോയിട്ടില്ലാത്ത ഘട്ടത്തില്‍ ഇപ്പോള്‍ മോദി സര്‍ക്കാര്‍ അടുത്ത നീക്കം നടത്തുന്നുവെന്നത് അത്രമേല്‍ സൂക്ഷിക്കേണ്ടുന്ന ഒന്നു തന്നെയാണ്. ഇപ്പോള്‍ രാജ്യത്ത് കത്തി നില്‍ക്കുന്ന പ്രതിഷേധങ്ങളുടെ മറവില്‍ പൗരന്റെ സകല സ്വകാര്യതയെയും കച്ചവടത്തിന് തട്ടില്‍ കേറ്റാന്‍ തയ്യാറെടുക്കുകയാണ് മോദിയും ഷായും കൂടി എന്നത് തെളിയുകയാണ്…

Vinkmag ad

Read Previous

രാഷ്ട്രീയ നാടകത്തിന് തത്ക്കാല ഇടവേള; രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മന്ത്രി

Read Next

ഇത്രയും ലൈഗീക ആഭാസനായ മറ്റൊരു ജഡ്ജിയെ കണ്ടിട്ടില്ല: രഞ്ജൻ ഗൊഗോയിക്കെതിരെ ആഞ്ഞടിച്ച് മാർഖണ്ഡേയ കട്ജു

Leave a Reply

Most Popular