കേരളത്തിലെ ആരോഗ്യപ്രവർത്തകരെ ഏറെ ആശങ്കയിലാഴ്ത്തിയ ഒന്നായിരുന്നു കോട്ടയത്തെ വൃദ്ധ ദമ്പതികൾക്ക് വൈറസ് ബാധയുണ്ടായ സംഭവം. എന്നാൽ ഇന്ന് കേരളത്തിലെ കോവിഡ് പ്രതിരോധത്തിൻ്റെ പ്രതീകമായി അവർ മാറിയിരിക്കുകയാണ്. റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) ദമ്പതികൾ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി.
വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിയോടെയാണ് ഇവർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു മടങ്ങിയത്. പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവരാണ് വീട്ടിലേക്കു മടങ്ങിയത്. കഴിഞ്ഞ ദിവസം തന്നെ ഇവരുടെ രോഗം ഭേദമായിരുന്നു.
തുടർ പരിശോധനകൾക്കായാണു രണ്ടു ദിവസം കൂടി ആശുപത്രിയിൽ കഴിഞ്ഞത്. ഇന്നു രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് ഇരുവരേയും വീട്ടിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു. കോവിഡ് 19 ബാധിച്ച ശേഷം രോഗം ഭേദമായി മടങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയയാളാണു തോമസ് എന്ന 93കാരൻ.
ഈ വൃദ്ധ ദമ്പതികളെ ചികിത്സിക്കുന്നതിനിടെ രോഗം പിടിപെട്ട സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹൻദാസും ആശുപത്രി വിട്ടു. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. ആരോഗ്യം പോലും നോക്കാതെ സ്വന്തം മാതാപിതാക്കളെപ്പോലെ നോക്കിയാണ് രേഷ്മ അവരെ പരിചരിച്ചത്.
ഡ്യൂട്ടി ടേണ്‍ അവസാനിച്ച ശേഷം രേഷ്മയ്ക്ക് മാര്‍ച്ച് 23ന് ചെറിയ പനി ഉണ്ടായി. ഉടന്‍ തന്നെ ഫീവര്‍ ക്ലിനിക്കല്‍ കാണിച്ചു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാമ്പിളുകളെടുത്ത് പരിശോധയ്ക്കായി അയയ്ക്കുകയും കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു രേഷ്മ മോഹന്‍ദാസ് ഡിസ്ചാര്‍ജ് ആയപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീട്ടിലേക്ക് പോയത്. 14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് രേഷ്മ പറയുന്നത്.
