മഹാമാരിയിൽ രാജ്യത്തെ ആശങ്കയിലാഴ്ത്തുന്ന പ്രദേശമാണ് മഹാരാഷ്ട്രയിലെ ധാരാവി. ധാരാവിയിൽ 11 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 71 ആയതായി ബ്രിഹാൻ മുംബൈ കോർപറേഷൻ അറിയിച്ചു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. ഇവിടെ മാത്രം എട്ടുപേർ കഴിഞ്ഞദിവസങ്ങളിലായി മരിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണവും റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.
ഇതുവരെ 187 പേർക്ക് വൈറസ് ബാധ മൂലം ജീവൻ നഷ്ടമായി. ഔദ്യോഗിക കണക്ക് പ്രകാരം 295 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. തലസ്ഥാന നഗരമായ മുംെബെയിൽ പുതുതായി 107 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ മുംബൈയിലെ വൈറസ് ബാധിതരുടെ എണ്ണം 987 ആയി.
പുതിയ കേസുകളിൽ 19 എണ്ണം പുണെയിൽ നിന്നാണ്. നാഗ്പൂരിൽ 11 , താനെയിൽ 13, പിംപ്രി-ചിഞ്ച്‌വാഡ് (പൂനെ), മാലേഗാവ് (നാസിക്) എന്നിവിടങ്ങളിൽ നിന്ന് നാലു വീതവും, നവി മുംബൈ, വസായ്-വിരാർ (പൽഘർ) എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും അഹമ്മദ്‌നഗർ, ചന്ദ്രപുർ, പൻവേൽ (റായ്ഗഡ്) എന്നിവിടങ്ങളിൽ ഒന്നു വീതവും കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
