രാജ്യം കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുമെന്ന് സൂചന; ലോക്ക് ഡൗണ്‍ ശക്തമാക്കും; കേരളത്തിന് പ്രത്യേക ഇളവ്

ഏപ്രില്‍ പതിനാലിന് തീരുന്ന ലോക്ക് ഡൗണിന് ശേഷവും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേയ്ക്കാണ് രാജ്യം നീങ്ങുന്നതെന്ന് സൂചന. ഇളവോടുകൂടിയുള്ള ലോക്ക് ഡൗണ്‍ തുടരണമെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ തീരുമാനമനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍. നിലവിലെ അവസ്ഥയില്‍ നിന്നും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് രാജ്യം നീങ്ങേണ്ട സാഹചര്യമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലും തമിഴ് നാട്ടിയും യുപിയിലും കാര്യങ്ങള്‍ കൈവിട്ട സാഹചര്യത്തില്‍ രാജ്യം മുഴുവനും കടുത്ത ജാഗ്രത പുലര്‍ത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം നിയന്ത്രണങ്ങള്‍ നീട്ടുക എന്നതുമാണ് പ്രധാനമായി കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്.

രാജ്യത്തിലെ സാഹചര്യം ആവശ്യപ്പെടുന്നത് ഒരു ദേശീയ അടിയന്തരാവസ്ഥയാണെന്ന, നിലപാടാണ് പ്രധാമന്ത്രിക്കുള്ളതെന്ന് ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രോഗത്തെ വരുതിയിലാക്കിയ നിലയ്ക്ക് കേരളത്തിന് പ്രത്യേക ഇളവുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷ. എന്നാലും അതിര്‍ത്തികള്‍ അടയ്ക്കും. ജില്ലാ അതിര്‍ത്തികള്‍ക്കുള്ളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ അനുവദിച്ചേക്കും.

രാജ്യത്തിന്റെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ്നാട്ടിലും കൊറോണ വ്യാപിക്കുകയാണ്. പല അന്താരാഷ്ട്ര വിദഗ്ദരും ഈ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെതിരാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, വിവിധ രാഷ്ട്രീയ നേതാക്കളും നിയന്ത്രണങ്ങള്‍ നീക്കുവാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത് എന്ന അഭിപ്രായക്കാരാണെന്നും പറഞ്ഞു. പ്രതിപക്ഷ കക്ഷികള്‍, ലോക്ക്ഡൗണ്‍ നീക്കം ചെയ്യണമോ എന്ന കാര്യം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മിക്ക മുഖ്യമന്ത്രിമാരും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുവാന്‍ സമയമായിട്ടില്ല എന്ന അഭിപ്രായക്കാരായിരുന്നു. കേരളം വളരെ വിശദമായ ഒരു രൂപരേഖയാണ് മീറ്റിംഗില്‍ സമര്‍പ്പിച്ചത്. ഗതാഗത സംവിധാനം വലിയ രീതിയില്‍ തുറന്നു കൊടുക്കാതിരിക്കുന്നതുള്‍പ്പടെ ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ നീക്കുന്നതായിരുന്നു പദ്ധതി. ലോക്ക്ഡൗണ്‍ തുടരുമെന്ന് ഗോവ ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് തിരുത്തി, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം പോകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി.

സാമ്പത്തികസ്ഥിതി മാത്രം നോക്കി ജനങ്ങളുടെ ജീവന്‍ പണയപ്പെടുത്തി ലോക്ക്ഡൗണ്‍ നീക്കുന്നതിനോട് യോജിപ്പില്ലെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് ചര്‍ച്ചയില്‍ പങ്കെടുത്ത രാഷ്ട്രീയനേതാക്കള്‍ എല്ലാവരും യോജിക്കുകയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ലോക്ക്ഡൗണ്‍ നീട്ടുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചു എന്ന് യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പിനീട് പറഞ്ഞു.

Vinkmag ad

Read Previous

കേരളത്തിന് കൈത്താങ്ങായി അല്ലുഅര്‍ജുന്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി

Read Next

ഇന്ത്യയിലും ആശങ്ക വര്‍ധിക്കുന്നു; ലോക്ക് ഡൗണിലും മഹാമാരിയെ പിടിച്ചുകെട്ടാന്‍ കഴിയാതെ രാജ്യം; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കുതിക്കുന്നു

Leave a Reply

Most Popular