ഇന്ത്യക്കെതിരെ വീണ്ടും ഉരസലുമായി ചൈന. റഷ്യയിൽ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി വീ ഫെന്‍ഗെയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ചൈനയുടെ ഭീഷണി എത്തിയിരിക്കുന്നത്.
അതിര്‍ത്തിയില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കില്ലെന്നാണ് ചൈനയുടെ ഭീഷണി. ചൈനയുടെ സൈനികശക്തി ഇന്ത്യയുടേതിനേക്കാള്‍ വളരെ കൂടുതലാണെന്നും ഓർമ്മിപ്പിക്കുന്നു. ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലിലൂടെ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഷാങ്ഹായ് ഉച്ചകോടിക്കിടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ പാലിക്കാനും യഥാര്‍ഥ നിയന്ത്രണരേഖയില്‍ നിലവിലെ സ്ഥിതി മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കാനും ഇന്ത്യന്‍ പ്രതിരോധമന്ത്രി ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ള ശേഷി ചൈനീസ് സേനയ്ക്കുണ്ടെന്നും വ്യക്തമാക്കുകയായിരുന്നു ചൈന.
സൈനികശേഷിയുള്‍പ്പെടെ ചൈനയുടെ കരുത്ത് ഇന്ത്യയെക്കാള്‍ ഏറെ കൂടുതലാണെന്ന് ഞങ്ങള്‍ ഇന്ത്യയെ ഓര്‍മിപ്പിക്കുകയാണ്. ചൈനയും ഇന്ത്യയും വന്‍ ശക്തികളാണെങ്കിലും ആയുധശേഷി പരീക്ഷിക്കപ്പെട്ടാല്‍ ഇന്ത്യന്‍ ഭാഗത്തിനായിരിക്കും നഷ്ടം. അതിര്‍ത്തിയില്‍ ഒരു യുദ്ധം തുടങ്ങുകയാണെങ്കില്‍ ഇന്ത്യ വിജയിക്കാന്‍ ഒരു സാധ്യതയുമില്ല- ഗ്ലോബല്‍ ടൈംസിലൂടെ ചൈന വ്യക്തമാക്കി.
