രാജസ്ഥാൻ രാഷ്ട്രീയത്തെ കീഴ്മേൽ മറിച്ച് കോൺഗ്രസിൽ നിന്നും പുറത്ത് പോയെങ്കിലും സച്ചിൻ പൈലറ്റ് ബിജെപിയുമായി അടുക്കുന്നതിൻ്റെ ലക്ഷണങ്ങൾ കാണുന്നില്ല. എന്നാൽ കോൺഗ്രസ് ക്യാമ്പ് നിരന്തരം ബിജെപി ബന്ധം ആരോപിച്ച് രംഗത്തുണ്ട്.
താൻ രാഷ്ട്രീയമായുള്ള കാരണങ്ങളാലാണ് കോൺഗ്രസ് വിട്ടതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സച്ചിൻ പൈലറ്റിന് ഇനിയും കഴിഞ്ഞിട്ടില്ല. എന്നാൽ ബിജെപിയിൽ ചേരാൻ കോടികൾ വാഗ്ദാനം ചെയ്തെന്ന കോൺഗ്രസ് എംഎൽഎയുടെ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ് സച്ചിൻ പൈലറ്റ്.
കോൺഗ്രസ് എംഎൽഎ ഗിരിരാജ് സിങ് മലിംഗക്കെതിരെയാണ് സച്ചിൻ നോട്ടീസ് അയച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബി.ജെ.പിയിൽ ചേരാൻ സച്ചിൻ പൈലറ്റ് തനിക്ക് 35 കോടി വാഗ്ദ്ധാനം ചെയ്തതായി കോൺഗ്രസ് എം.എൽ.എ ആരോപണമുന്നയിച്ചത്. 2019 ഡിസംബർ മുതൽ തുടർച്ചയായി പൈലറ്റ് തന്നോട് ഇക്കാര്യം ആവശ്യപ്പെടുകയും ചർച്ച നടത്തുകയും ചെയ്തിരുന്നതായും, എന്നാൽ താൻ വാഗ്ദ്ധാനം നിരസിച്ചെന്നുമായിരുന്നു മലിംഗ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
തനിക്കെതിരെയുള്ള ആരോപണം കഴിഞ്ഞ ദിവസം പൈലറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മലിംഗയുടെ തെറ്റായതും, അപകീർത്തികരവുമായ പ്രസ്താവനകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൈലറ്റുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.
