മധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലും രാഷ്ട്രീയ പ്രതിസന്ധി. സംസ്ഥാനം ഭരിക്കുന്ന അശോക് ഗലോട്ട് മന്ത്രിസഭ ഏത് നിമിഷവും വീഴാമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടക്കുന്നതായാണ് വാർത്ത.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പെെലറ്റും തമ്മിൽ അഭിപ്രായഭിന്നതകൾ മുതലെടുത്താണ് ബിജെപി കളിക്കുന്നത്. സച്ചിൻ പെെലറ്റ് ബിജെപിയുമായി ചർച്ച നടത്തിയെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, അത്തരം വാർത്തകളെയെല്ലാം സച്ചിൻ പെെലറ്റുമായി അടുത്ത വൃത്തങ്ങൾ പൂർണ്ണമായി തള്ളികളഞ്ഞു.
എന്നിരുന്നാലും സച്ചിൻ പെെലറ്റിന്റെ നേതൃത്വത്തിൽ പ്രാദേശിക നീക്കങ്ങൾ ശക്തമാണ്. കോൺഗ്രസിൽ നിന്ന് പുറത്തുകടന്ന് മറ്റൊരു പ്രാദേശിക പാർട്ടിയായി നിൽക്കാനുള്ള സാധ്യതകൾ സച്ചിൻ പെെലറ്റ് വിഭാഗം ആലോചിക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 16 കോൺഗ്രസ് എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണ സച്ചിൻ പെെലറ്റിനുണ്ട്.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പെെലറ്റും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായിരുന്നു. ഒടുവിൽ ഹെെക്കമാൻഡ് ഇടപെട്ടാണ് സമവായത്തിലെത്തിയത്. ഡൽഹിയിലെത്തി മുതിർന്ന നേതാക്കളുമായി സച്ചിൻ പെെലറ്റ് ചർച്ച നടത്തിയതായാണ് വിവരം. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്നെ ഒതുക്കാൻ ശ്രമിക്കുന്നതായാണ് സച്ചിൻ പെെലറ്റിന്റെ പ്രധാന ആരോപണം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും സച്ചിൻ ഇന്നു ചർച്ച നടത്തും.
