രാജസ്ഥാനിൽ കോൺഗ്രസിന് സമാധാനം: സച്ചിൻ പൈലറ്റ് തിരിച്ചെത്തി; രാഹുലുമായുള്ള ചർച്ചയിൽ സമവായം

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമായി. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരായ കലാപം സച്ചിൻ പൈലറ്റ് അവസാനിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സച്ചിനുമായി നടത്തിയ 2 മണിക്കൂർ കൂടിക്കാഴ്ചയിലാണു പ്രശ്നപരിഹാരത്തിനു വഴിതെളിഞ്ഞത്.

സച്ചിന്റെയും 18 വിമത എംഎൽഎമാരുടെയും പരാതികൾ പരിശോധിക്കാൻ മൂന്നംഗ സമിതി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി രൂപീകരിക്കും. അംഗങ്ങളെ വരും ദിവസങ്ങളിൽ തീരുമാനിക്കും. ഇടക്കാല പ്രസിഡന്റ് പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ ദിനത്തിലാണ്, കോൺഗ്രസിന്റെ പ്രമുഖ യുവ നേതാക്കളിലൊരാളായ സച്ചിനുമായുള്ള അനുരഞ്ജനം സോണിയ ഉറപ്പാക്കിയത്.

തന്നെ രാജസ്ഥാനിലെ ഭാവി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നതടക്കം മൂന്ന് ഉപാധികൾ സച്ചിൻ മുന്നോട്ടു വച്ചെന്നാണ് വിവരം. വിശ്വാസവോട്ടെടുപ്പിനായി ഈമാസം 14ന് നിയമസഭ സമ്മേളിക്കാനിരിക്കെയാണ് നിർണായക നീക്കങ്ങൾ.

സച്ചിൻ മുൻകൈയെടുത്ത് കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി ചോദിച്ചതിനെ തുടർന്ന് ഡൽഹിയിൽ രാഹുലിന്റെ ഔദ്യോഗിക വസതിയിൽ ഇന്നലെ ഉച്ചയ്‌ക്ക് ഇരുവരും കണ്ടിരുന്നു. തന്റെ കൂടെ നിൽക്കുന്ന എം.എൽ.എമാർ മുമ്പ് വഹിച്ചിരുന്ന മന്ത്രിപദം, കോർപറേഷൻ, ബോർഡ് സ്ഥാനങ്ങളും തിരികെ നൽകണമെന്നും തിരഞ്ഞെടുപ്പ് സമയത്ത് വാഗ്‌ദാനം ചെയ്‌ത കാര്യങ്ങൾ പൂർണമായി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ സച്ചിൻ നേരത്തെ വഹിച്ചിരുന്ന ഉപമുഖ്യമന്ത്രി, പി.സി.സി അദ്ധ്യക്ഷ പദവികളിലേക്ക് തിരിച്ചു വരണമെന്നാണ് രാഹുൽ പറഞ്ഞത്. അശോക് ഗെലോട്ടുമായുള്ള ഭിന്നതകൾ ഭരണത്തെ ബാധിക്കാതിരിക്കാൻ ഒരു മേൽനോട്ട സമിതി രൂപീകരിക്കാമെന്നും രാഹുൽ ഉറപ്പു നൽകി.

രാഷ്ട്രീയ അസ്ഥിരതയിൽ മുതലെടുപ്പ് നടത്താൻ ശ്രമിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സച്ചിൻ്റെ തിരിച്ചുവരവോടെ ലഭിച്ചിരിക്കുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ ബിജെപി സ്വന്തം എംഎൽഎമാരെ ഗുജറാത്തിലക്ക് നാടുകടത്തിയിരുന്നു.

Vinkmag ad

Read Previous

കരിപ്പൂർ രക്ഷാപ്രവർത്തനം: ക്വാറൻ്റെെനിൽ പോകേണ്ടി വന്നവർക്ക് സാമ്പത്തിക പിന്തുണയുമായി പ്രവാസി വ്യവസായി

Read Next

അമേരിക്കൻ വൈസ്പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ഇന്ത്യൻ വംശജ മത്സരിക്കും; പ്രഖ്യാപനവുമായി ഡെമോക്രാറ്റ് പ്രസിഡൻ്റ് സ്ഥാനാർത്ഥി

Leave a Reply

Most Popular