രാജസ്ഥാനിലും രാഷ്ട്രീയ കുതിരക്കച്ചവടത്തിനു ബിജെപി ശ്രമിക്കുന്നെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ് നേതാക്കൾ രംഗത്ത്. കോൺഗ്രസിൽ നിന്നും കാലുമാറാൻ 25 കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നും വെളിപ്പെടുത്തൽ.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് ബിജെപിയുടെ കള്ളക്കളികൾ വെളിച്ചത്താക്കിയത്. ചില എംഎൽഎമാരെ ബിജെപി സമീപിച്ച കാര്യമാണ് ഗെലോട്ട് തുറന്ന് പറഞ്ഞിരിക്കുന്നത്. പത്ത് കോടിരൂപ മുൻകൂറായി നൽകാനും ബാക്കി തുക ബിജെപിയിലെത്തിയിട്ട് നൽകാമെന്നുമാണ് വാഗ്ദാനം.
തങ്ങളുടെ എംഎല്‍എമാര്‍ ഇതില്‍ വീഴില്ലെന്ന് ഗെലോട്ട് പറഞ്ഞു. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും ഗെലോട്ട് ആരോപിച്ചു. ഗുജറാത്തിലും രാജസ്ഥാനിലും ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനു സാഹചര്യമൊരുക്കാനാണ് തെരഞ്ഞെടുപ്പ് നീട്ടിവച്ചത്.
രാജസ്ഥാനില്‍ ബി.ജെ.പിയുടെ ശ്രമം അറിഞ്ഞതിനു പിന്നാലെ തങ്ങളുടെ 107 എംഎല്‍എമാരെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 12 എംഎല്‍എമാരെയും കോണ്‍ഗ്രസ് സുരക്ഷിക കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. 200 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 72 എംഎല്‍എമാരാണുള്ളത്.
